Select Your Language

Notifications

webdunia
webdunia
webdunia
webdunia

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

Voters List, How to add name in Voters List, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 14 നവം‌ബര്‍ 2025 (09:49 IST)
തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികള്‍ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ല. സര്‍ക്കാരിന് 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ക്കും മത്സരിക്കാന്‍ യോഗ്യതയില്ല. ബോര്‍ഡുകളിലോ സര്‍വ്വകലാശാലകളിലോ ജോലി ചെയ്യുന്നവര്‍ക്കും ഇതേ നിയന്ത്രണം ബാധകം. പാര്‍ട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും.
 
അങ്കണവാടി ജീവനക്കാര്‍ക്കും ബാലവാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍ക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാനാകൂ. സര്‍ക്കാരിന് 51 ശതമാനം  ഓഹരിയില്ലാത്ത  പ്രാഥമിക  സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാം . എന്നാല്‍ കെ.എസ്.ആര്‍.ടി.സി., വൈദ്യുതി ബോര്‍ഡ്, എംപാനല്‍ കണ്ടക്ടര്‍മാര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവര്‍ എന്നിവര്‍ക്കു മത്സരിക്കാന്‍ അയോഗ്യതയുണ്ട്.
 
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് മത്സരിക്കാം. എന്നാല്‍ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും, കരാര്‍ കാലാവധി അവസാനിക്കാത്തവര്‍ക്കും മത്സരിക്കാന്‍ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്‌ക്കെടുത്തിട്ടുള്ളവര്‍ക്ക് മത്സരിക്കാം.
 
സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്. ബാങ്കുകള്‍, സര്‍വ്വീസ് സഹകരണസംഘങ്ങള്‍, കെ.എഫ്.സി,  കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതില്‍ ഉള്‍പ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയില്‍ ഗഡു മുടങ്ങിയാല്‍ മാത്രമേ അയോഗ്യതയുണ്ടാകൂ.
 
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍, സാന്‍മാര്‍ഗ്ഗിക ദൂഷ്യം ഉള്‍പ്പെട്ട കുറ്റങ്ങള്‍ക്ക് മൂന്നു മാസത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചവര്‍ എന്നിവര്‍ക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വര്‍ഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലില്‍ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം  അയോഗ്യത ബാധകമായിരിക്കും.
 
അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥര്‍ക്ക് പിരിച്ചുവിട്ടതു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ക്ക്  അയോഗ്യനാക്കപ്പെട്ടതു മുതല്‍ ആറു വര്‍ഷം  അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് ഉത്തരവ് തീയതി മുതല്‍ അഞ്ചു വര്‍ഷത്തേക്ക് അയോഗ്യതയുണ്ടാകും.
 
സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറില്‍ വീഴ്ച വരുത്തിയതിനാല്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാന്‍ കണ്ടെത്തിയവര്‍ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാന്‍ പാടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bihar Election Results 2025 Live Updates: അത്ഭുതങ്ങളില്ല, നിതീഷ് തുടരും; ഇന്ത്യ മുന്നണിയെ പിന്നിലാക്കി എന്‍ഡിഎ കുതിപ്പ്