കൊല്ലം: സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് സമാപനം. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരാൻ തീരുമാനം. 89 അംഗ സിപിഎം സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. ഇതില്‍ 15 പേര്‍ പുതുമുഖങ്ങളാണ് എന്നതാണ് പ്രത്യേകത. കെകെ ശൈലജയും എംവി ജയരാജനും അടക്കമുള്ള നേതാക്കളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്.
എകെ ബാലന്‍, പികെ ശ്രീമതി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കുകയും ഡിവൈഎഫ്‌ഐ നേതാക്കളായ വികെ സനോജ്, വി വസീഫ് എന്നിവര്‍ അടക്കമുള്ള യുവാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തലമുറ മാറ്റമാണ് സിപിഎം സംഘടനാ സംവിധാനത്തില്‍ നടപ്പാക്കിയിരിക്കുന്നത് എന്ന് വ്യക്തം.
അതേസമയം മുതിര്‍ന്ന നേതാവ് പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഇത്തവണയും തിരഞ്ഞെടുത്തില്ല. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും നിലവിലെ കണ്‍വീനര്‍ ടിപി രാമകൃഷ്ണനും സെക്രട്ടറിയേറ്റില്‍ തുടരും. മന്ത്രി ആര്‍ ബിന്ദുവിനേയും അഞ്ച് ജില്ലാ സെക്രട്ടറിമാരേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. സിഎന്‍ മോഹനനേയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.