Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരി മാഫിയയെ പൂട്ടാന്‍ സര്‍ക്കാര്‍; ഉപയോഗം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന, ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

ലഹരി കടത്ത് തടയുന്നതിനു അതിര്‍ത്തികളിലും സംസ്ഥാനത്തിനകത്തും പൊലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തും

Pinarayi Vijayan

രേണുക വേണു

, ചൊവ്വ, 18 മാര്‍ച്ച് 2025 (07:58 IST)
ലഹരി മാഫിയയ്‌ക്കെതിരായ പോരാട്ടത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല. 'ഉറവിടം കണ്ടെത്തി നശിപ്പിക്കുക' എന്ന ലക്ഷ്യത്തോടെയാണ് പൊലീസും എക്‌സൈസും സംയുക്തമായി ലഹരി വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത്. ലഹരി കേസുകളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പൊലീസിനും എക്‌സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. 
 
ലഹരി കടത്ത് തടയുന്നതിനു അതിര്‍ത്തികളിലും സംസ്ഥാനത്തിനകത്തും പൊലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തും. സ്ഥിരം കുറ്റവാളികളടക്കമുള്ള ലഹരി കച്ചവടക്കാരെ പൊലീസും എക്‌സൈസും നിരീക്ഷണത്തില്‍ കൊണ്ടുവരും. ലഹരി മാഫിയയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കണ്ണടയ്ക്കുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന പരോക്ഷ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്നു. 
 
കേവലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ മാത്രം പിടികൂടുന്നതില്‍ നില്‍ക്കാതെ എവിടെ നിന്നാണ് ഈ രാസലഹരി അടക്കമുള്ള ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതെന്നാണ് ഇപ്പോഴത്തെ അന്വേഷണം. സംസ്ഥാനത്തെ ലഹരി മുക്തമാക്കാനുള്ള സമഗ്ര പദ്ധതി പൊലീസും എക്‌സൈസും ചേര്‍ന്ന് ആവിഷ്‌കരിക്കുന്നുണ്ട്. 
 
മയക്കുമരുന്ന് വിതരണം തടയുന്നതിനു പൊലീസ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഡീ ഹണ്ടിലൂടെ മൂന്നാഴ്ചയ്ക്കിടെ 5,687 പേരെ പിടികൂടി. 5,483 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് വകുപ്പിന്റെ ക്ലീന്‍ സ്ലേറ്റ് പരിശോധനയില്‍ 1.9 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 
 
കേരളത്തിലെ പൊലീസും എക്‌സൈസും മാതൃകാപരമായാണ് ഇടപെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ പോയി ജാമ്യം റദ്ദാക്കിയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്. ആന്‍ഡമാനില്‍ പോയി 100 കോടി രൂപയുടെ രാസലഹരി പിടിച്ചെടുത്തു. അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് തലവനെ വലയിലാക്കിയത് ഒഡിഷയില്‍ നിന്നാണ്. മയക്കുമരുന്ന് കേസില്‍ ഏറ്റവും അധികം പേര്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ദേശീയ ശരാശരി 78 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 99 ശതമാനമാണ്. ലഹരി കേസുകളില്‍ പ്രതികളായ 108 പൊലീസുകാരെ അടക്കം ഇതിനോടകം പിരിച്ചുവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ ഉമിനീര്‍ പരിശോധന നടത്താനാണ് എക്‌സൈസും പൊലീസും തീരുമാനിച്ചിരിക്കുന്നത്. ക്യാംപസുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. അച്ഛനമ്മമാരില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പരിശോധിച്ച് വിതരണം, ഉറവിടം എന്നിവ കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ തേനീച്ചക്കൂട് വേലി, ഇക്കാര്യങ്ങള്‍ അറിയണം