Pinarayi Vijayan: വീണ്ടും നയിക്കാന്‍ പിണറായി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖം?
അതേസമയം പാര്‍ട്ടിയെ നയിക്കുമ്പോഴും പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
Pinarayi Vijayan: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുക പിണറായി വിജയന്‍. മുഖ്യമന്ത്രി, പൊളിറ്റ് ബ്യൂറോയിലെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം എന്നീ നിലകളില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ പിണറായി തന്നെയാണ് യോഗ്യനെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഐക്യകണ്‌ഠേന നിലപാടെടുത്തു.
പിണറായി വിജയനു പ്രായപരിധി ഇളവ് നല്‍കിയത് കേരളത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ്. തിരഞ്ഞെടുപ്പില്‍ പിണറായി തന്നെയായിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറഞ്ഞു.
' പിണറായി വിജയന്‍ കേരളത്തിലെ സിപിഎമ്മിന്റെ മുഖ്യമന്ത്രിയാണ്. അതിനാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയാകും ഇടതുപക്ഷ മുന്നണിയെ നയിക്കുക. തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം ഫലം വന്നതിന് ശേഷം ഉണ്ടാകേണ്ടതാണ്,' ബേബി പറഞ്ഞു.
അതേസമയം പാര്‍ട്ടിയെ നയിക്കുമ്പോഴും പിണറായി വിജയന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആള്‍ വരും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, കെ.കെ.ശൈലജ, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരായിരിക്കും തുടര്‍ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കള്‍. അതില്‍ തന്നെ തോമസ് ഐസക്കിനും രാജീവിനും കൂടുതല്‍ സാധ്യതയുണ്ട്. ലോക്‌സഭാംഗമായതിനാല്‍ കെ.രാധാകൃഷ്ണന്‍ നിയമസഭയിലേക്ക് മത്സരിക്കില്ല. രണ്ട് ടേം പൂര്‍ത്തിയായ കെ.കെ.ശൈലജയും മാറിനില്‍ക്കേണ്ടി വരും.
നിലവില്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള സാഹചര്യമുണ്ടെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയിലും നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.