ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്
വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തൃശൂര്‍: ശബരിമല ദര്‍ശനത്തിനായി വ്രതം അനുഷ്ഠിച്ച ശേഷം കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ നിന്ന് പുറത്താക്കി. അളഗപ്പ നഗര്‍ പഞ്ചായത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെയാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തത്. യൂണിഫോം ധരിച്ചാല്‍ മാത്രമേ ക്ലാസില്‍ ഇരിക്കാന്‍ കഴിയൂ എന്ന നിലപാടിലായിരുന്നു ക്ലാസ് ടീച്ചറും സ്റ്റാഫ് സെക്രട്ടറിയും. വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് ബിജെപി, കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌കൂളിലെത്തി. വിദ്യാര്‍ത്ഥികളെ പുറത്താക്കിയ അധ്യാപകര്‍ മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പുതുക്കാട് എസ്എച്ച്ഒ ആദം ഖാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കറുത്ത വസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.