മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി
ഡോക്ടറുടെ നിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകള്‍ കഴിപ്പിച്ചത് യുവതിയെ അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു
ലൈംഗിക പീഡന കേസില്‍ പൊലീസ് തിരയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. യുവതിയുടെ ഗര്‍ഭഛിദ്രം അപകടകരമായ രീതിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്‍കി. രാഹുലിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നല്‍കിയ ഗുളികകള്‍ കഴിക്കുകയായിരുന്നുവെന്നാണു യുവതിയുടെ മൊഴി.
ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയ ഡോക്ടറില്‍നിന്നാണു പൊലീസ് മൊഴിയെടുത്തത്. രണ്ട് ഗുളികകളാണു ജോബി നല്‍കിയത്. ഗര്‍ഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ കഴിച്ചത്.
ഡോക്ടറുടെ നിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകള്‍ കഴിപ്പിച്ചത് യുവതിയെ അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു. അമിത രക്തസ്രാവം മൂലം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. മാനസികമായും തകര്‍ന്ന ഇവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണു വിവരം. ആശുപത്രി രേഖകള്‍ യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.
അതേസമയം പരാതിക്കാരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിജീവിതയ്‌ക്കെതിരെ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ.