മുന്‍കൂര്‍ ജാമ്യഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ വേണം; വിചിത്ര ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
ഇതിനിടെ അന്വേഷണസംഘം പാലക്കാടുള്ള രാഹുലിന്റെ ഫ്‌ളാറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു
ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീണ്ടും കോടതിയില്‍. തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് അടച്ചിട്ട കോടതി മുറിയില്‍ വേണമെന്ന ആവശ്യവുമായി രാഹുല്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്.
ഇതിനിടെ അന്വേഷണസംഘം പാലക്കാടുള്ള രാഹുലിന്റെ ഫ്‌ളാറ്റില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. ഫ്‌ളാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങള്‍ കെയര്‍ ടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു പ്രത്യേക അന്വേഷണസംഘം. ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് ഒളിവില്‍ പോയത് യുവനടിയുടെ കാറിലെന്ന് സ്ഥിരീകരണം. കാറിന്റെ ഉടമയായ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്യും. കേസെടുത്തതിനു പിന്നിലെ രാഹുല്‍ പാലക്കാട് നിന്ന് കടന്നത് ചുവപ്പ് ഫോക്‌സ്വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നടിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ എങ്ങോട്ടാണ് കടന്നിരിക്കുന്നതെന്ന് നടിക്കു അറിയാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ചോദ്യം ചെയ്യലിനായി നടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കാര്യങ്ങള്‍ തിരക്കാനായി അന്വേഷണസംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.