ഹോം സ്റ്റേയിലെത്തിച്ച് 23കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.
പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതിയുടെ ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ബലാത്സംഗ കേസില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ഒളിവില്‍ കഴിയുന്ന രാഹുലിന് കേരളത്തിലെത്താന്‍ കഴിയും.
ആദ്യം രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ആ കേസ് ഈ മാസം 15നാണ് പരിഗണിക്കുന്നത്.രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാണ് പരാതി വൈകിയതെന്ന് യുവതി മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് ക്രൂരമായ ലൈംഗികപീഡനം നടത്തിയെന്നാണ് രാഹുലിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.