പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന്(ഹിരണ്‍ദാസ് മുരളി) ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ വേടന് ജാമ്യം അനുവദിച്ചത്. കേരളം വിട്ട് പോകരുത്. 7 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് ഉപാധികള്‍.
പുലിപ്പല്ല് കേസില്‍ കഴിഞ്ഞദിവസം വേടനെ കോടതി വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തുടര്‍ന്ന് വേടനുമായി തെളിവെടുപ്പ് നടത്തിയശേഷം കോടതിയുടെ നിര്‍ദേശമനുസരിച്ച് ബുധനാഴ്ച വൈകീട്ട് തിരികെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഈ ഘട്ടത്തിലാണ് വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും സമ്മാനമായി ലഭിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും വേടന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യാവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും മാത്രമല്ല ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത വ്യക്തിയാണ് വേടനെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷയെ വനം വകുപ്പ് എതിര്‍ത്തെങ്കിലും ഇത് കോടതി തള്ളി. തുടര്‍ന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.