ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു
പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഷോപ്പിങ് മാളുകളും ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹിയില്‍ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ രീതിയില്‍ പലയിടങ്ങളിലായുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, ഗൗരി ശങ്കര്‍ ക്ഷേത്രം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ മുംബൈ മാതൃകയില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഷോപ്പിങ് മാളുകളും ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2008 നവംബര്‍ 26ന് രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം താജ് ഹോട്ടല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് തുടങ്ങി നഗരത്തിലെ 12 കേന്ദ്രങ്ങളിലായാണ് നടന്നത്. ഇതേ രീതിയില്‍ ഡല്‍ഹിയിലെ വിവിധകേന്ദ്രങ്ങളില്‍ അക്രമണ പരമ്പര നടത്താനായിരുന്നു ഭീകരരുടെ പദ്ധതി.
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണ് ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഡല്‍)ഹിയില്‍ ആക്രമണം നടത്തിയവര്‍ കഴിഞ്ഞ ജനുവരി മുതല്‍ ആക്രമണത്തിന്റെ ആസൂത്രണത്തിലായിരുന്നു. ഡല്‍ഹിക്ക് പുറമെ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നിവിടങ്ങളിലുള്ള ഡോക്ടര്‍മാരെയാണ് ഭീകരര്‍ ഇതിനായി റിക്ര്യൂട്ട് ചെയ്തത്.ഡോക്ടര്‍മാരായതിനാല്‍ ഡല്‍ഹി എന്‍സിആറും സംശയമുണ്ടാക്കാതെ യാത്രകള്‍ നടത്താനും വീട് വാടകയ്ക്ക് എടുക്കാനും ഭീകരര്‍ക്ക് സാധിച്ചു. ഫത്തേഹ്പൂര്‍, ദൗജ് മേഖലകളില്‍ ഇവര്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനായി വീടുകളും മുറികളും വാടകയ്ക്ക് എടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയക്ക് കീഴിലെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും അധ്യാപകരുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായത്. ഡോ ഷഹീന്‍ സയീദ്, ഡോ മുസമ്മില്‍ ഷക്കീല്‍,ഡോ അദീല്‍ റാത്തര്‍ എന്നിവര്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി പിടിയിലായതിന് പിന്നാലെയാണ് ഇവരുടെ കൂട്ടാളിയായിരുന്ന ഡോ ഉമര്‍ നബി ചാവേറായി ഡല്‍ഹി ചെങ്കോട്ടയില്‍ ആക്രമണം നടത്തിയത്.ഷഹീനും മുസമ്മിലും ഉമര്‍ നബിയും ഫരീദാബാദിലെ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ജോലി ചെയ്തിരുന്നത്.