ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല
മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.
സ്വർണ്ണക്കൊള്ള വിവാദങ്ങൾക്കിടെ മണ്ഡലകാല മകര വിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും.
പുതിയ ശബരിമല മേൽശാന്തിയായി ഇ.ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം.ജി മനുവും സ്ഥാനമേൽക്കും. പതിനെട്ടാം പടിക്ക് താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് എത്തിക്കും.
ശബരിമലയിൽ പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം ആരംഭിക്കും.
അതേസമയം, 70,000 പേർ ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഡിസംബർ 2 വരെ വെർച്യുൽ ക്യൂ ബുക്കിങ്ങിൽ ഒഴിവില്ല. 20,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴി ദർശനം നടത്താം. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്.