Vanchiyoor court assault case
വഞ്ചിയൂര്‍: ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിന്‍ ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മൃഗീയമായി മര്‍ദ്ദിച്ചത്.
ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിന്‍ ദാസ് ശാരീരികമായി ആക്രമിച്ചതായി പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച ബാര്‍ അസോസിയേഷന്‍, പ്രാഥമിക തെളിവുകള്‍ അടിസ്ഥാനമാക്കി ബെയ്‌ലിന്‍ ദാസിനെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മര്‍ദ്ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്ക്ക്പ്പ്പമാണ് തങ്ങളെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു.സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ തല്‍ക്കാല നടപടി ആവശ്യമാണെന്ന് തോന്നിയതിനാലാണ് സസ്‌പെന്‍ഷനെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
മര്‍ദനമേറ്റ അഭിഭാഷകയെ സംഘടന സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചുവെന്നും അവര്‍ക്ക് ആവശ്യമായ നിയമസഹായവും മെഡിക്കല്‍ സപ്പോര്‍ട്ടും നല്‍കുമെന്നും അസോസിയേഷന്‍ ഉറപ്പുനല്‍കി. പൊലീസ് അന്വേഷണത്തിനും ചികിത്സയ്ക്കും ആവശ്യമായ സഹായം നല്‍കാന്‍ അസോസിയേഷന്‍ തയ്യാറാണെന്നും സെക്രട്ടറി അറിയിച്ചു. കോടതിവളപ്പില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ശ്യാമിലിക്ക് മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ബെയ്ലിന്‍ ദാസിനെ ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.