Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്
ചേര, ട്രിങ്കറ്റ്, പച്ചിലപ്പാമ്പ്, വില്ലൂന്നി തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെയാണ് കൂടുതലായി സന്നിധാനത്ത് കണ്ടുവരുന്നത്
മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച് 22 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സന്നിധാനത്തും പരിസരത്തുനിന്നുമായി വനംവകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീം പിടികൂടിയത് 95-ഓളം പാമ്പുകളെ. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ് ക്ഷേത്രമെന്നതിനാല്‍ വന്യജീവി സാന്നിധ്യം സ്വാഭാവികമാണെന്നും ഭക്തര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിച്ചാല്‍ മാത്രം മതിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
'ഭക്തര്‍ക്കും ജീവനക്കാര്‍ക്കും തടസ്സമാകുന്ന രീതിയില്‍ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിടുന്ന രീതിയാണ് അവലംബിക്കുന്നത്. നിലവില്‍ പിടികൂടിയവയില്‍ ഭൂരിഭാഗവും വിഷമില്ലാത്തവയാണ്,' സന്നിധാനത്തെ സ്‌നേക്ക് റെസ്‌ക്യൂവര്‍ ബൈജു പറഞ്ഞു.
ചേര, ട്രിങ്കറ്റ്, പച്ചിലപ്പാമ്പ്, വില്ലൂന്നി തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെയാണ് കൂടുതലായി സന്നിധാനത്ത് കണ്ടുവരുന്നത്. ഈ സീസണില്‍ പിടികൂടിയവയില്‍ ഏകദേശം 15 എണ്ണം മാത്രമാണ് വിഷമുള്ള ഗണത്തില്‍പ്പെട്ടവയായി ഉണ്ടായിരുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 365-ഓളം പാമ്പുകളെ ഇത്തരത്തില്‍ പിടികൂടിയിരുന്നു. സീസണ്‍ അല്ലാത്ത സമയങ്ങളിലും പാമ്പുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ഏകദേശം ആറുമാസം മുന്‍പ് സന്നിധാനത്ത് നിന്ന് നാല് രാജവെമ്പാലകളെ പിടികൂടി ഉള്‍വനത്തിലേക്ക് വിട്ടിരുന്നതായും സ്‌നേക്ക് ഉദ്യോഗസ്ഥര്‍ ഓര്‍മിക്കുന്നു.
സന്നിധാനത്തും പമ്പയിലുമായി ആറോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പാമ്പുകളെ പിടികൂടാന്‍ രംഗത്തുള്ളത്. നിരന്തരമായി ലഭിക്കുന്ന കോളുകള്‍ക്കനുസരിച്ച് പാമ്പുകളെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഇവര്‍ സ്വീകരിക്കുന്നുണ്ട്. പാമ്പുകള്‍ക്ക് പുറമെ പരിക്കേറ്റ കാട്ടുപന്നികള്‍, കുരങ്ങുകള്‍, മലയണ്ണാന്‍ തുടങ്ങിയ ജീവികള്‍ക്കും വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെയും നിര്‍ദേശപ്രകാരം സംരക്ഷണവും ചികിത്സയും നല്‍കിവരുന്നുണ്ട്.
ഭക്തര്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍:
പാമ്പുകളെ കണ്ടാല്‍ അവയെ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കണം. ഉടന്‍ തന്നെ പോലീസിലോ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണമെന്നും റെസ്‌ക്യൂവര്‍മാര്‍ അഭ്യര്‍ത്ഥിക്കുന്നു.
താഴെ പറയുന്ന കാര്യങ്ങള്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണം:
- തീര്‍ത്ഥാടകര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന പാതകളിലൂടെ മാത്രം സഞ്ചരിക്കുക.
- പുല്ല് വളര്‍ന്നു നില്‍ക്കുന്ന ഇടങ്ങളിലോ കല്ലുകള്‍ക്കിടയിലോ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടങ്ങളില്‍ വിശ്രമിക്കുന്നത് ഒഴിവാക്കുക.
- വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ രാത്രിയാത്ര ചെയ്യുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക.
പാമ്പുകടിയേറ്റാല്‍ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ സന്നിധാനത്തും പമ്പയിലും ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.