Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൽഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാത്തത് അങ്ങയുടെ ഭാഗ്യം: യേശുദാസിനോട് സുഭാഷ് ചന്ദ്രൻ

പാമരനാം പാട്ടുകാരൻ ഏതായാലും പെറ്റ തള്ളയ്ക്കും മീതെയൊന്നുമല്ലല്ലോ...

സെൽഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാത്തത് അങ്ങയുടെ ഭാഗ്യം: യേശുദാസിനോട് സുഭാഷ് ചന്ദ്രൻ
, ഞായര്‍, 6 മെയ് 2018 (16:01 IST)
ദേശീയ അവാർഡ് വിതരണച്ചടങ്ങിനിടെയുണ്ടായ സെല്‍ഫി വിഷയത്തില്‍ ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് പിന്തുണയുമായി സുഭാഷ് ചന്ദ്രന്‍. സെല്‍ഫി സ്റ്റിക്ക് കൊണ്ട് അടികിട്ടാഞ്ഞത് അങ്ങയുടെ ഭാഗ്യമെന്ന് സുഭാഷ് ചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പുതിയ കാലത്തിന്റെ സെല്‍ഫി ഭ്രമത്തേക്കുറിച്ചും യേശുദാസിനെ ആദ്യമായി കണ്ടതിനേക്കുറിച്ചും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ഇല്ല, ഞാൻ സെൽഫി എടുത്തില്ല
 
ആദ്യമായി കാണുകയായിരുന്നു. നാൽപ്പതു വർഷത്തോളം എന്റെ പ്രാണനെ ആനന്ദിപ്പിച്ച ആ മനുഷ്യനെ നേരെനിന്ന് ഒന്നു നമസ്കരിക്കണമെന്നു മാത്രമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അന്നത്തെ നിയമസഭാ സ്പീക്കറും മുന്മന്ത്രി എം എ ബേബിയും ചേർന്ന് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോൾ ഞാൻ കേട്ടിട്ടില്ലാട്ടോ അനിയാ എന്നു പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിച്ചു. “ഞാനങ്ങയെ മുഴുവനായും കേട്ടിട്ടുണ്ട്‌ ” എന്നു പറഞ്ഞപ്പോൾ കുട്ടികളെപ്പോലെ ചിരിച്ചു. 
 
എന്റെ കയ്യിൽ മൊബെയിൽ ഉണ്ടായിരുന്നു. പക്ഷേ അനുവാദമില്ലാതെ “ഞാനും യേശുദാസും” എന്ന് അടിക്കുറിപ്പിടാനുള്ള സെൽഫി എടുക്കുന്നതെങ്ങനെ?
 
അതുകൊണ്ട്‌ ആ പാദം തൊട്ട്‌ നമസ്കരിക്കുക മാത്രം ചെയ്തു. അത്രയേ ഉള്ളൂ ഞാൻ എന്ന് എനിക്കറിയാമായിരുന്നു. അത്രയ്ക്കുണ്ട്‌ അദ്ദേഹം എന്ന് എന്റെ പ്രാണന് തിരിച്ചറിയാമായിരുന്നു. പരിപാടിക്ക്‌ ഫോട്ടോ എടുക്കാനെത്തിയിരുന്ന സുഹൃത്ത്‌ കെ കെ സന്തോഷ്‌ ഭാഗ്യത്തിന് ആ നിമിഷങ്ങളെല്ലാം ക്യാമറയിലാക്കുന്നുണ്ടായിരുന്നു. 
 
ഇനിയും കാണുമ്പോഴും അനുവാദത്തോടെയോ അല്ലാതെയോ അങ്ങയുമൊത്ത്‌ സെൽഫി എടുക്കാൻ ഞാൻ മുതിരുകയില്ല. അത്‌ അങ്ങ്‌ എന്നെ അപമാനിക്കുമോ എന്നു ഭയന്നിട്ടല്ല. എനിക്ക്‌ അങ്ങയെ ബഹുമാനമാണ് എന്നതുകൊണ്ടുമാത്രം.
 
ക്ഷമിക്കൂ പ്രിയഗായകാ. മൊബെയിൽ കമ്പനികൾക്ക്‌ പണമുണ്ടാക്കാനായി കോടിക്കണക്കായ ഞങ്ങൾ പുഴുക്കളെ സെൽഫി എന്നൊരു അശ്ലീലം പഠിപ്പിച്ചുവച്ചിരിക്കുകയാണ്. എന്തുകണ്ടാലും ഏതുകണ്ടാലും ഞങ്ങളോട്‌ പകർത്താൻ നിശ്ശബ്ദമായ കൽപ്പനയുണ്ട്‌. പണ്ട്‌ ഇന്ത്യക്കാരായ പോലീസുകാരെക്കൊണ്ട്‌ ഇന്ത്യക്കാരെ തല്ലിച്ചതച്ചിരുന്ന ബ്രിട്ടീഷുകാരെപ്പോലെ ഇപ്പോൾ ഞങ്ങളുടെ മൊബെയിൽ ഫോൺ യജമാനന്മാരുടെ ഇംഗിതം ഞങ്ങളും നിറവേറ്റുകയാണ്.
 
സെൽഫി സ്റ്റിക്ക്‌ കൊണ്ട്‌ അടികിട്ടാഞ്ഞത്‌ അങ്ങയുടെ ഭാഗ്യം! അച്ഛന്റെ മുന്നിൽ കേമനാകാൻ അമ്മയുടെ കഴുത്തുകണ്ടിച്ച മഴു കൊണ്ടാണ് നമ്മുടെ കേരളത്തെ സൃഷ്ടിച്ചത്‌ എന്ന കഥ അങ്ങും കേട്ടിരിക്കുമല്ലൊ. ആ മഴുവിൽ അമ്മയുടെ ചോരയുണ്ട്‌. പാമരനാം പാട്ടുകാരൻ ഏതായാലും പെറ്റ തള്ളയ്ക്കും മീതെയൊന്നുമല്ലല്ലോ എന്നു ഞങ്ങൾ അലറുന്നത്‌ അതുകൊണ്ടാണ്.
 
ഇല്ല, ഞാൻ സെൽഫി എടുത്തില്ല. ആദ്യമായി കാണുകയായിരുന്നു. നാൽപ്പതു വർഷത്തോളം എന്റെ പ്രാണനെ ആനന്ദിപ്പിച്ച ആ മനുഷ്യനെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

18 തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം, തടസമില്ല: സുപ്രീം‌കോടതി