കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. സംസ്ഥാനത്തെ തദ്ദേശ തിരെഞ്ഞെടുപ്പ് നടത്തിപ്പിനെ പറ്റി കോടതിക്ക് ബോധ്യമായ സാഹചര്യത്തിലാണ്. ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പടെ നാല് കക്ഷികളാണ് സുപ്രീം കോടതിയിലെ എസ്‌ഐആറിനെതിരെ ഹര്‍ജി നല്‍കിയത്.
കേരളത്തിനൊപ്പം ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ തദ്ദേശ തിരെഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിലാണ് അടിയന്തിരമായി ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിനായി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി എന്നിവരും എം വി ഗോവിന്ദന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, അഭിഭാഷകന്‍ ജി പ്രകാശ് എന്നിവരും മുസ്ലീം ലീഗിനായി അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ഹാജരായത്.