വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്
തൃശൂര്‍ എംപി സുരേഷ് ഗോപി കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്ന് ഇന്നു പുലര്‍ച്ചെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്ന് വന്ദേ ഭാരത് ട്രെയിനില്‍ തൃശൂരിലേക്ക് എത്തി. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കി.
ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലും തൃശൂരിലെ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടും മാധ്യമങ്ങള്‍ സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും സുരേഷ് ഗോപി പ്രതികരിച്ചില്ല. അവസാനം 'ഇത്രത്തോളം സഹായിച്ചതിനു നന്ദി' എന്നു പറഞ്ഞ് സുരേഷ് ഗോപി കാറില്‍ കയറി.
അതേസമയം വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കും. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. തൃശൂര്‍ എസിപി സലീഷ് എന്‍ ചന്ദ്രനാണ് അന്വേഷണച്ചുമതല. വ്യാജമായ രേഖകള്‍ ചമച്ച് വോട്ട് ചേര്‍ത്തതടക്കമുള്ളവ അന്വേഷണ പരിധിയില്‍ ഉണ്ട്. തുടര്‍ നടപടികള്‍ക്ക് മുന്നോടിയായി വിശദമായ നിയമോപദേശവും തേടും. ജില്ലാ ഭരണാധികാരി കൂടിയായ കലക്ടറുടെ നിര്‍ദേശവും പൊലീസ് തേടും. കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുന്‍ എംപിയുമായ ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയില്‍ ആണ് പൊലീസ് അന്വേഷണം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് അട്ടിമറി ആരോപണത്തിനു പിന്നാലെയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ ജയവും സംശയനിഴലില്‍ ആയിരിക്കുന്നത്. മറ്റു ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള ആളുകളെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ വേണ്ടി തൃശൂരിലേക്ക് എത്തിക്കുകയും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോപണം. ഈ ആരോപണത്തെ ശരിവയ്ക്കുന്ന തെളിവുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.