തൃശൂര്‍: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയ സംഭവം വിവാദമായി. വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദമൊന്നും മൈന്‍ഡ് ചെയ്യേണ്ടതേ ഇല്ലെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.