തിരുവനന്തപുരം വെങ്ങാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് നാഥിനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അലോകിനെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ശരീരത്തിലുടനീളം നീല പാടുകള്‍ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. മുറിയിലെ സാമഗ്രികളെല്ലാം ക്രമരഹിതമായ നിലയിലായിരുന്നു. തലസ്ഥാന നഗരിയില്‍ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അലോക് താമസിച്ചിരുന്നത്. അച്ഛന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍.
മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ല. അലോകിനെ സന്തോഷവാനായ ഒരു കുട്ടിയായി മാത്രമേ എല്ലാവര്‍ക്കും അറിയു. എന്തെങ്കിലും കാര്യങ്ങള്‍ കുട്ടിയെ മാനസികമായി അലട്ടിയിരുന്നോ എന്ന് വീട്ടുകാര്‍ക്കറിയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം പുറത്തുവരു. മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.