എന്റെ മത്സ്യക്കൂട്ടമേ, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി!
ഞാനൊരു കിടിലൻ പെണ്ണാണ്, കിടിലൻ കൂട്ടുള്ള, കിടുക്കാച്ചിയമ്മയുള്ള അഡാറുപെണ്ണ്! - വൈറലാകുന്ന പോസ്റ്റ്
തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് നടി റിമ കല്ലിങ്കൽ തുറന്നടിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. വിഷയത്തിൽ നിരവധി ആളുകൾ റിമയെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതിൽ വ്യത്യസ്തമായി മാറിയിരിക്കുകയാണ് റാണിലക്ഷ്മി രാഘവന്റെ പോസ്റ്റ്.
റാണിലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വിവിധതരം മസാലകളാൽ ചുറ്റപ്പെട്ടതും, സവാളയാൽ അലങ്കരിക്കപ്പെട്ടതുമായ മൊരിഞ്ഞ അയലക്കുഞ്ഞേ ..
കാച്ചിയ മോരും അച്ചിങ്ങാത്തോരനും ചേർത്ത് നിന്റെ നടുക്കഷ്ണം കൂട്ടി കുത്തരിച്ചോറുണ്ണാൻ കൊതിച്ചൊരു പെറ്റിക്കോട്ട് കാലം എനിക്കുണ്ട്. അതൊന്നുമറിയാതെ നീയെന്റെ വെല്യാങ്ങളയുടെ വയറ്റിലേക്ക് ചോറിനൊപ്പം പോയിരുന്നു.
എനിക്ക് വിധിച്ചിരുന്നത് നിന്റെ തലയും വാലുമായിരുന്നു. കരഞ്ഞില്ല. എന്തെന്നാൽ അയലത്തലയോളം കിടിലൻ തല വേറൊരു മീനിനും ഇല്ലെന്ന് ബാല്യം എന്നെ പഠിപ്പിച്ചിരുന്നു. ആ രുചി ഒരിക്കലും എന്റെ ചേട്ടൻ അറിയാൻ പോകുന്നില്ല എന്നോർത്ത് ഞാൻ സമാധാനിച്ചു.
അവൻ ഉപയോഗിച്ച ഷർട്ടും ബനിയനും ആയിരുന്നു ഒരുകാലത്ത് ഞാൻ വീട്ടിൽ ഇട്ടിരുന്നത്. അവന്റെ പഴേ ഇൻസ്ട്രമെന്റ് ബോക്സ്, ടെക്സ്റ്റ് ബുക്ക് ഇതൊക്കെ ഞാൻ ഉപയോഗിക്കണമായിരുന്നു. അവൻ ബ്രൗൺ പേപ്പർ കൊണ്ട് പൊതിഞ്ഞപ്പോൾ ഞാൻ കലണ്ടറും വനിതയും തിരഞ്ഞു നടന്ന്. അവന്റെ കാൽക്കുലേറ്റർ, ഡിജിറ്റൽ ഡയറി, ഹീറോ പേന , കമ്പ്യൂട്ടർ , സ്യൂട്ട് കേസ്, സൈക്കിൾ, ടേബിൾ ലാംബ് എന്നിവ എന്നെ സംബന്ധിച്ച് സെവൻ വണ്ടേഴ്സ് ഓഫ് മൈ ഹോം ആയിരുന്നു.
ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന നിലയിൽ ആണ് പപ്പയും മമ്മിയും കല്യാണം കഴിച്ചത്. രണ്ട് പേരുടേം രണ്ടാം വിവാഹം. പപ്പയുടെ ആദ്യ ഭാര്യയിൽ ഉള്ള മകനാണ് മേൽ പറഞ്ഞ വല്യേട്ടൻ. ഞാൻ അമ്മയുടെ ആദ്യ ഭർത്താവിലെ മകളും. അവനും പപ്പക്കും നോവാതിരിക്കാൻ അവനെ കൂടുതൽ ശ്രദ്ധിക്കുകേം എന്നെ മാറ്റിനിർത്തുകേം ചെയ്തിട്ടുണ്ട്. അനിയനും കൂടെ ഉണ്ടായപ്പോൾ പൂർത്തിയായി. ഭക്ഷണത്തിൽ , വസ്ത്രത്തിൽ , യാത്രകളിൽ , തീരുമാനങ്ങളിൽ ,ആഘോഷങ്ങളിൽ ഞാൻ ഒറ്റപ്പെട്ടുകൊണ്ടിരുന്നു.
എന്തിനും കുറേ ചൊല്ലുകൾ -
No x1 : പെണ്ണുങ്ങൾ ഉറക്കെ സംസാരിക്കരുത്.
No x2 : ആണുങ്ങൾ ആഹാരം കഴിച്ചു, എല്ലാർക്കും തികഞ്ഞു എന്നുറപ്പ് വരുത്തിയിട്ട് വേണം പെണ്ണുങ്ങൾ കഴിക്കാൻ.
No x3 : പതിനഞ്ച് വയസ്സാകുന്നു. ഒരു പണി ചെയ്യാൻ അറിയില്ല. നാളെ വേറേ ഒരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാണ് എന്നോർക്കണം.
No x4: പെൺകുട്ടികൾ മൂളിപ്പാട്ട് പാടരുത്, ചൂളം അടിക്കരുത്.
No 01: നീ ഒരു പെണ്ണാണ്.
അതേ ഞാനൊരു മരണമാസ്സ് പെണ്ണാണ്. തീയറ്ററിൽ ഇരുന്നു കൂവുന്ന, ചോറും ബീഫും വെക്കുന്ന , വഞ്ചിക്കപ്പെടുമ്പോൾ കരയുന്ന, ചതിക്കുന്നവർക്ക് എട്ടിന്റെ പണി കൊടുക്കുന്ന, സന്ധ്യക്ക് വിളക്ക് കൊളുത്തുന്ന, അമർത്തി ചുംബിക്കുന്ന , വല്ലാണ്ട് പ്രേമിക്കുന്ന, മിനുങ്ങുന്ന, തളർന്നുറങ്ങുന്ന, ബസിന്റെ സൈഡ് സീറ്റിലിരുന്ന് സ്വപ്നം കാണുന്ന, തൊഴിൽ ചെയ്യുന്ന, കാശുണ്ടാക്കുന്ന, കുളിക്കുമ്പോൾ പാട്ട് പാടുന്ന, ചുംബന രംഗങ്ങൾ കാണാൻ ഇഷ്ടമുള്ള, ട്രാൻസും ക്‌ളാസ്സിക്കും കേക്കുന്ന, പറയേണ്ടിടത്ത് പറയേണ്ടത് പറയേണ്ടത് പോലെ പറയുന്ന, കിടിലൻ കൂട്ടുള്ള, കിടുക്കാച്ചിയമ്മയുള്ള അഡാറുപെണ്ണ്.
വീട്ടിൽ ഇപ്പോഴും അയലമീൻ വാങ്ങിക്കാറുണ്ട്. ആ മണ്ടന്മാരെക്കൊണ്ട് ഞാൻ നടുക്കഷ്ണം തീറ്റിക്കും. എനിക്ക് തല മതി. ആ രുചി മതി.
എന്നെ ഞാൻ ആക്കിയതിൽ അയലയും, ഡിജിറ്റൽ ഡയറിയും, സൈക്കളും, ഹീറോ പേനയും വഹിച്ച പങ്ക് വളരെ വലുതാണ്. അർഹിക്കുന്നത് കിട്ടിയില്ലായെങ്കിൽ പടപൊരുതി നേടണം എന്ന് മനസ്സിൽ ഉറപ്പിച്ചത് അവർക്ക് കഷ്ണവും എനിക്ക് ചാറും കിട്ടിയപ്പോൾ ആണ്.
നിലപാടുകൾ, ചോദ്യം ചെയ്യലുകൾ , സമത്വാന്വേഷണം, ഉറക്കെപ്പറച്ചിലുകൾ എല്ലാം ഒരു കഷ്ണം മീനിൽ നിന്ന് തന്നെയാണ് തുടങ്ങിയത്. അതിലെന്താണിത്ര തെറ്റ്?
എന്റെ മത്സ്യക്കൂട്ടമേ...
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി.