തമിഴ് മക്കളുടെ നടിപ്പിൻ നായകൻ സൂര്യയ്ക്ക് ഇന്ന് അൻപതാം പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിൽ വീടിന് മുന്നിൽ തടിച്ചു കൂടിയ ആരാധകരെ ടെറസിന് മുകളിൽ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന നടൻ സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീടിന്റെ മുകളിൽ നിന്ന് ആരാധകരെ കൈ വീശി കാണിക്കുന്ന സൂര്യയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എല്ലാ പിറന്നാൾ ദിനത്തിലും ബോളിവുഡ് കിങ് ഷാരൂഖ് ഖാൻ ഇത്തരത്തിൽ തന്റെ വീടിനു മുകളിൽ നിന്ന് ആരാധകരെ കാണാറുണ്ട്. 'കോളിവുഡിന്റെ ഷാരുഖ് ഖാൻ' ആണ് സൂര്യ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. സൂര്യയുടെ 50-ാം പിറന്നാൾ ആണിന്ന്. അതേസമയം, കഴിഞ്ഞ കുറച്ച് കാലമായി ബോക്സ് ഓഫീസിൽ അത്ര നല്ല സമയമല്ല സൂര്യയ്ക്ക്.
അടുത്തിടെ റിലീസിനെത്തിയ സൂര്യയുടെ കങ്കുവയും റെട്രോയും പ്രതീക്ഷിച്ച വിജയം നേടാതെയാണ് പോയത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണം സ്വന്തമാക്കിയ ടീസർ പോലെ തന്നെ സിനിമയും വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് സൂര്യയുടെ ആരാധകർ കാത്തിരിക്കുന്നത്. എൽകെജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നതെന്നും പറയപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.