ആ ചിത്രം അന്ന് ഇന്ത്യയിലെ പ്രേക്ഷകരെ അസ്വസ്ഥരാക്കി, വിമർശനമുയർന്നു: റാണി മുഖർജി
വിവാഹേതരബന്ധത്തെ നോർമലൈസ് ചെയ്യുന്നു പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയായിരുന്നു വിമർശനം.
ഷാരൂഖ് ഖാൻ, റാണി മുഖർജി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്‌ത സിനിമയാണ് കഭി അൽവിദ നാ കെഹ്ന. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. എന്നാൽ, സിനിമയ്‌ക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നു. വിവാഹേതരബന്ധത്തെ നോർമലൈസ് ചെയ്യുന്നു പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയായിരുന്നു വിമർശനം.
വിദേശ മാർക്കറ്റുകളിൽ വലിയ വിജയമായ സിനിമ പക്ഷെ ഇന്ത്യയിൽ വലിയ ഹിറ്റിലേക്ക് കടന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സിനിമയിലെ പ്രധാന അഭിനേതാക്കളിൽ ഒരാളായ റാണി മുഖർജി. ചിത്രം സ്വീകരിക്കൻ ഇന്ത്യയിലെ പ്രേക്ഷകർ അന്ന് തയ്യാറായിരുന്നില്ല എന്ന് റാണി മുഖർജി പറഞ്ഞു. പ്രേക്ഷകരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആ സിനിമയിലൂടെ കാണിച്ചപ്പോൾ അത് വരെ അസ്വസ്ഥരാക്കി എന്നും നടി കൂട്ടിച്ചേർത്തു.
'ഒരുപക്ഷെ ഇന്ത്യയിലെ പ്രേക്ഷകർ ആ സിനിമയെ സ്വീകരിക്കാൻ അന്ന് തയ്യാറായിരുന്നില്ല. കാലത്തിന് മുൻപേ സഞ്ചരിക്കുന്ന സിനിമകളുടെ ഭാഗമാകാൻ പറ്റുന്നതും സന്തോഷമുള്ള കാര്യമാണ്. കാരണം പിൻകാലത്ത് ആളുകൾ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രേക്ഷകരുടെയും സമൂഹത്തിന്റെയും മുന്നിലേക്ക് സത്യങ്ങൾ വിളിച്ചുപറഞ്ഞ നമ്മുടെ ഈ സിനിമയെക്കുറിച്ചും അവർ സംസാരിക്കും.
അത്തരം സിനിമകളിലൂടെ ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത്. പ്രേക്ഷകരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആ സിനിമയിലൂടെ കാണിച്ചപ്പോൾ അത് വരെ അസ്വസ്ഥരായി. സത്യങ്ങൾ അംഗീകരിക്കാൻ നമുക്ക് മടിയാണ്. അത് സിനിമയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് എത്തുമ്പോൾ ഒരു ചെറിയ ഞെട്ടൽ തോന്നാം', റാണി മുഖർജിയുടെ വാക്കുകൾ.