Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്രതശുദ്ധിയുടെ പുണ്യവുമായി ഈദുല്‍ ഫിത്‌ര്‍

വ്രതശുദ്ധിയുടെ പുണ്യവുമായി ഈദുല്‍ ഫിത്‌ര്‍

അനീഷ് മുഹമ്മദ്

, വെള്ളി, 31 ജൂലൈ 2020 (12:17 IST)
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ശാന്തിമന്ത്രങ്ങളുടെ തക്ബീര്‍ ധ്വനികളുമായി വീണ്ടുമൊരു ഈദുല്‍ ഫിത്‌ര്‍. വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്കരണത്തിന്‍റെ പ്രഭയിലാണ് ലോക മുസ്ലിംകള്‍ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്. വ്രതസമാപ്തിയുടെ വിജയാഘോഷം എന്നത്രേ ചെറിയ പെരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
റമസാന്‍ ഉപവാസത്തിന് സമാപ്തി കുറിച്ചുക്കൊണ്ട് അസ്തമയ ശോഭയില്‍ പടിഞ്ഞാറ് ഈദുല്‍ ഫിത്ര്‍ അമ്പിളി ഉദയം കൊണ്ടിരിക്കുന്നു... അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍... ചിട്ടയോടെയും സൂക്ഷ്‌മതയോടെയും ഒരു മാസക്കാലം വ്രതം അനുഷ്ഠിച്ചതിന്‍റെ സന്തോഷത്തിന്‍റെ പങ്കുചേരല്‍ കൂടിയാണ് ഈദുല്‍ ഫിത്‌ര്‍. ഒരു മാസക്കാലം വ്രതാനുഷ്‌ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക്‌ ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്‌ര്‍‍.
 
അക്രമവും അനീതിയും വ്യാപകമായ ആധുനിക ലോകത്ത് ഈദുല്‍ ഫിത്‌റിന്‍റെ സന്ദേശത്തിന് വര്‍ധിച്ച പ്രസകതിയുണ്ട്. ദൈവഭക്തിയും ജീവിത മൂല്യവും മനുഷ്യ ഹൃദയങ്ങളിലാണ് കുടികൊള്ളുന്നതെന്ന് പഠിപ്പിച്ച വിശുദ്ധ റമസാന്‍ ഈദുല്‍ ഫിത്‌ര്‍ ദിനത്തിന് നല്‍കുന്ന സ്ഥാനം ഏറെ വലുതാണ്.
 
ഈദിന്‍റെ പ്രഭാതം ആനന്ദത്തിന്‍റേതാണ്, പള്ളിമിനാരങ്ങളില്‍നിന്നും കവലകളില്‍നിന്നും നാട്ടുവഴികളില്‍നിന്നും വീടുകളില്‍നിന്നും തെരുവീഥികളില്‍നിന്നും ഈദുല്‍ ഫിത്‌റിന്‍റെ സംഗീതസാന്ദ്രമായ തക്‌ബീര്‍ധ്വനികള്‍ മുഴങ്ങുന്നു. കുട്ടികളും വലിയവരും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു.
 
പെരുന്നാള്‍ ദിനത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത് പുണ്യമത്രേ. അതിനാല്‍ തന്നെ അത്തറിനോട്‌ വല്ലാത്ത പ്രിയമാണ്‌. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്നത്‌ നബിക്ക്‌ ഇഷ്ടമായിരുന്നെന്ന്‌ ചരിത്രം പറയുന്നുണ്ട്. സ്‌ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞ്‌ `മൊഞ്ചുള്ള'വരായാണ്‌ ഈദിനെ വരവേല്‍ക്കുന്നത്‌.
 
കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലം ഈദിന്‍റെ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൌന്ദര്യമായിരുന്നു. ഫ്ലാറ്റ് സംസ്‌കാരത്തിലേക്ക്‌ മാറിയതോടെ ഈദിന്‍റെ കുഞ്ഞന്‍ പുഞ്ചിരികളും മൈലാഞ്ചികൈകളും അപൂര്‍വ കാഴ്‌ചയാവുകയാണ്‌. മൈലാഞ്ചിയില കല്ലില്‍ അരച്ച് കൈയില്‍ തേയ്ക്കുന്നതൊക്കെ നാം മറന്നു കഴിഞ്ഞു. എല്ലാം റെഡിമെയ്ഡ് ജീവിതത്തില്‍ അലിഞ്ഞില്ലാതായിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവർ സ്ത്രീ വിഷയത്തിൽ താൽപര്യമുള്ളവരാകും !