ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍
ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് ആപ്പിളിന്റെ നീക്കം.
ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെയാണ് തിരക്കിട്ട് ഐഫോണുകളുടെ ഉല്‍പാദനം ആപ്പിള്‍ കൂട്ടിയത്. ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് ആപ്പിളിന്റെ നീക്കം.
ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്‌സും ഫോക്‌സ്‌കോണും കഠിനപ്രയത്‌നത്തിലാണെന്നും ഇതില്‍ 80 ശതമാനവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് കൊണ്ടാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. 2024ല്‍ ഇന്ത്യയില്‍ നിന്ന് 45 ദശലക്ഷത്തോളം ഐഫോണുകള്‍ ആപ്പിള്‍ നിര്‍മ്മിച്ചിരുന്നു.
ഇത് ആഗോള ഉത്പാദനത്തിന് ഏകദേശം 20% ത്തോളമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിവേഗത്തിലാണ് അമേരിക്കയിലേക്ക് ഐഫോണ്‍ കയറ്റുമതി ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 98ശതമാനവും അമേരിക്കയിലേക്കാണ് കയറ്റി അയച്ചത്.