ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതിവിധി തട്ടിപ്പെന്ന് ഇന്ത്യ. രാജ്യം അഭയം നൽകിയിരിക്കുന്ന ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് ഇന്ത്യ കൈമാറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.ഇതുവരെയും ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ നിലപാട് അപ്പോൾ അറിയിക്കാമെന്നാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറ്റം ചെയ്യുന്നത് പ്രശ്നം രൂക്ഷമാക്കാനെ ഇടയാക്കുവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ബംഗ്ലാദേസ് തിരെഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്നാണ് ഇന്ത്യൻ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെപോകാമെന്നാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനെയും ഉടൻ കൈമാറണമെന്ന് നേരത്തെ ബംഗ്ലാദേശ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടിരുന്നു. ഇന്നോ നാളെയോ ആവശ്യം രേഖാമൂലം ഉന്നയിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ നടപടി ശ്രദ്ധയിൽപ്പെട്ടെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ഇന്ത്യ പ്രതിബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വംഗ്ലാദേശിൻ്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.എന്നാൽ രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിൽ കുറ്റവാളികളെ കൈമാറാൻ ബംഗ്ലാദേശുമായുള്ള ഉടമ്പടി ബാധകമാവില്ലെന്നാണ് കേന്ദ്ര വൃത്തങ്ങൾ നൽകുന്ന സൂചന.