India vs Pakistan Conflict, Fake News: ആ വീഡിയോ മൂന്ന് വര്‍ഷം മുന്‍പത്തെ, കറാച്ചിയിലും ആക്രമണമില്ല; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി
Fact Check: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലുണ്ടായ പൊട്ടിത്തെറിയെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന വീഡിയോ മുംബൈ ധാരാവിയില്‍ 2025 മാര്‍ച്ചില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയുടേതാണെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി
India vs Pakistan Conflict
India vs Pakistan Conflict, Fake News: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇത്തരത്തില്‍ പ്രചരിക്കുന്ന പ്രധാനപ്പെട്ട വ്യാജ വാര്‍ത്തകള്‍ എന്തൊക്കെയാണെന്ന് നോക്കാം:
നാവികസേന പാക്കിസ്ഥാനിലെ കറാച്ചിയില്‍ ആക്രമണം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊച്ചി നാവികാസ്ഥാനത്തു നിന്നുള്ള ഐഎന്‍എസ് വിക്രാന്ത് ആണ് കറാച്ചി തുറമുഖത്ത് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് എബിപി ആനന്ദ ന്യൂസ് ആണ്. മലയാളത്തിലെ ചില പ്രമുഖ ചാനലുകളും ഇതേ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കറാച്ചി ആക്രമിക്കപ്പെട്ടു എന്ന തരത്തില്‍ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇത് മൂന്ന് വര്‍ഷം മുന്‍പ് ഫിലാഡല്‍ഫിയയില്‍ നടന്ന ഒരു വിമാനാപകടത്തിന്റെ ദൃശ്യങ്ങളാണെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ കണ്ടെത്തി.
ഐഎന്‍എസ് വിക്രാന്ത് ഉപയോഗിച്ച് ഇന്ത്യന്‍ നാവികസേന ഇതുവരെ ഒരു ആക്രമണവും നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ പ്രത്യാക്രമണത്തിനായി ഐഎന്‍എസ് വിക്രാന്ത് സജ്ജമാണെന്നും നാവികസേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
യുദ്ധവും സൈനികതന്ത്രങ്ങളും അടിസ്ഥാനമാക്കിയുള്ള കംപ്യൂട്ടര്‍ ഗെയിം ആയ 'അര്‍മ'യില്‍ നിന്നുള്ള ദൃശ്യങ്ങളും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണമെന്ന പേരിലും നേരെ തിരിച്ചും ഈ കംപ്യൂട്ടര്‍ ഗെയിമിന്റെ ഭാഗങ്ങളാണ് പലരും പ്രചരിപ്പിക്കുന്നത്. ഇസ്രയേല്‍ മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ഡ്രോണ്‍ ആക്രമണമെന്ന പേരില്‍ നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നു. ചില മലയാള മാധ്യമങ്ങളില്‍ ഈ വീഡിയോ വാര്‍ത്തയായി വന്നിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലുണ്ടായ പൊട്ടിത്തെറിയെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന വീഡിയോ മുംബൈ ധാരാവിയില്‍ 2025 മാര്‍ച്ചില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയുടേതാണെന്നും ആള്‍ട്ട് ന്യൂസ് കണ്ടെത്തി.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചതായി ഇന്നലെ രാത്രി പ്രചരിച്ച വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും സര്‍വീസ് റദ്ദാക്കിയതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു അടുത്തുകിടക്കുന്ന 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. മറ്റു വിമാനത്താവളങ്ങളില്‍ സര്‍വീസ് നടക്കുന്നുണ്ട്. അതേസമയം വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവയ്‌ക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശക്തമായ നടപടിക്കു സാധ്യതയുണ്ട്.