കേന്ദ്രമന്ത്രി നാരായൺ റാണയെ അറസ്റ്റ് ചെയ്‌തതിൽ ഉദ്ധവ് താക്കറെ സർക്കാരിനോട് പകരം വീട്ടാനൊരുങ്ങി ബിജെപി. സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വർഷമറിയാൻ തിരിഞ്ഞുനോക്കിയെന്നും സ്വാതന്ത്രം നേടിയ വർഷം പോലും അറിയാത്ത മുഖ്യമന്ത്രി അപമാനമാണെന്നും ഞാൻ വേദിയിൽ ഉണ്ടായിരുന്നുവെങ്കിൽ അടിച്ചേനെയെന്നും നാരായൺ റാണെ പറഞ്ഞിരുന്നു. ഈ പരാമർശത്തിന്റെ പേരിലായിരുന്നു നാരായൺ റാണെയുടെ അറസ്റ്റ്.
അതേസമയം അറസ്റ്റിന് പിന്നാലെ 2018ൽ ഉദ്ധവ് താക്കറെ നടത്തിയ പരാമർശത്തിലാണ് ബിജെപിയുടെ നീക്കം. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയില്‍ ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാര്‍പ്പണം നടത്തിയതിനെതിരെയായിരുന്നു പരാമര്‍ശം. ആദിത്യനാർഹ്ഹിനെ ചെരിപ്പ് കൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ ദൃശ്യങ്ങളോടെയാണ് പരാതി.
ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്‌ക്കെതിരെയും പരാതിയുണ്ട്. നാരായണ്‍ റാണെക്ക് എതിരെ സാമ്നയില്‍ വന്ന ലേഖനത്തില്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പരാതി. യുവസേന നേതാവ് വരുൺ സർദേശായിക്കെതിരെയും പരാതിയുണ്ട്.മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുന്‍പാണ് ആദിത്യനാഥിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ പരാമർശം നടത്തിയത്.