ആര്‍ത്തവം നിര്‍ത്താന്‍ മരുന്ന് കഴിച്ച പെണ്‍കുട്ടി മരിച്ചു; മരണകാരണം ഡീപ് വെയില്‍ ത്രോംബോസിസ്
ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയുടെ അച്ഛന്‍ വിസമ്മതിച്ചു.
ഡല്‍ഹിയില്‍ 18 വയസ്സുള്ള പെണ്‍കുട്ടി ആര്‍ത്തവം നിര്‍ത്താന്‍ ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചു. ഇത് ഡീപ് വെയില്‍ ത്രോംബോസിസ് എന്ന അവസ്ഥയിലേക്ക് നയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയുടെ അച്ഛന്‍ വിസമ്മതിച്ചു. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടി മരിച്ചു. സ്‌കാനിംഗില്‍ പൊക്കിള്‍ വരെ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍ പറയുന്നതനുസരിച്ച്, 18 വയസ്സുള്ള ഒരു പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം തന്റെ ക്ലിനിക്കില്‍ വന്നിരുന്നു. കുട്ടിയുടെ കാലുകളിലും തുടകളിലും വേദനയും വീക്കവും ഉണ്ടായിരുന്നു. വളരെ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. എപ്പോഴാണ് ഇത് തുടങ്ങിയതെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍, വീട്ടില്‍ ഒരു പൂജയുള്ളത് കാരണം, ആര്‍ത്തവം നിര്‍ത്താന്‍ ചില ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.
സ്‌കാന്‍ ചെയ്തപ്പോള്‍ കുട്ടിക്ക് ഡീപ്-വെയിന്‍ ത്രോംബോസിസ് ഉണ്ടെന്നും രക്തം കട്ടപിടിക്കുന്നത് പൊക്കിളിനരികിലാണെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ കുട്ടിയുടെ അച്ഛനോട് സംസാരിച്ച് പെണ്‍കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. പക്ഷേ അച്ഛന്‍ വിസമ്മതിക്കുകയും, അമ്മ നാളെ കൊണ്ടുവരുമെന്ന് പറഞ്ഞുപോവുകയുമായിരുന്നു. എന്നാല്‍ രാത്രി കുട്ടി മരിക്കുകയായിരുന്നു.