തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് പുറത്തുവന്ന കണക്കുകള്‍ പ്രകാരം 550 ലധികം വിമാനസര്‍വീസുകള്‍ രാജ്യവ്യാപകമായി റദ്ദാക്കി. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് ഇന്‍ഡിഗോ നല്‍കുന്ന വിവരം. എയര്‍ലൈന്‍ സര്‍വീസിന്റെ നടപടിക്കെതിരെ രാജ്യമാകെ യാത്രക്കാര്‍ പ്രതിഷേധത്തിലാണ്.
വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ 118 വിമാനങ്ങളും ബെംഗളുരുവില്‍ 100 വിമാനങ്ങളും ഹൈദരാബാദില്‍ 75 വിമാനങ്ങളും കൊല്‍ക്കത്തയില്‍ 35 വിമാനങ്ങളും ചെന്നൈയില്‍ 26 വിമാനങ്ങളും ഗോവയില്‍ 11 വിമാനങ്ങളും റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.റദ്ദാക്കലുകള്‍ ഇനിയും തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതിദിനം 2,300 ഓളം സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. രാജ്യത്തെ ആഭ്യന്തര വിമാനസര്‍വീസുകളില്‍ 60 ശതമാനവും ഇന്‍ഡിഗോയുടേതാണ്. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതും സര്‍വീസുകള്‍ കൃത്യസമയത്ത് പുനസ്ഥാപിക്കുന്നതും എളുപ്പമല്ലെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ജീവനക്കാരോട് പറഞ്ഞു.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടാണ് തടസ്സങ്ങള്‍ക്ക് കാരണമെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം നടപ്പിലാക്കിയ ശേഷം ആവശ്യമായ ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി മാനദണ്ഡത്തില്‍ ഇന്‍ഡിഗോ ഇളവ് തേടിയിട്ടുണ്ട്. രാത്രി ലാന്‍ഡിങ്ങിന് പൈലറ്റുമാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് തേടിയത്.