കര്‍ണാടകയില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടിയുള്ള അധികാര വടംവലി രൂക്ഷമായതോടെ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഡി കെ ശിവകുമാറിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയില്‍. മുഖ്യമന്ത്രി പദവി സിദ്ധാരാമയ്യയില്‍ നിന്ന് ഡികെ ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി അടിയന്തിര കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് എട്ടോളം നിയമസഭാംഗങ്ങള്‍ രാത്രി തലസ്ഥാനത്തെത്തിയതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണകാലാവധിയുടെ പകുതി പിന്നിട്ട സാഹചര്യത്തിലാണ് അധികാര പങ്കിടല്‍ ഫോര്‍മുല നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതേ ആവശ്യവുമായി കഴിഞ്ഞയാഴ്ച എംഎല്‍എമാരുടെ 2 സംഘങ്ങള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.
2023 മെയ് മാസത്തില്‍ സിദ്ധാരമയ്യ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ രണ്ടര വര്‍ഷത്തിന് ശേഷം പദവി ശിവകുമാറിന് കൈമാറ്റം ചെയ്യാമെന്ന് പാര്‍ട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ വാഗ്ദാനം പാലിക്കണമെന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ ആവശ്യം. അതേസമയം നേതൃമാറ്റം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ സിദ്ധാരാമയയ്യും ശിവകുമാറും തള്ളികളഞ്ഞിരുന്നു.