സ്വർണാഭരണങ്ങളുടെയും കരകൗശലവസ്തുക്കളുടെയും പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി 2021 ജനുവരി 15 മുതൽ രാജ്യത്ത് ബി ഐ എസ് ഹോൾമാർക്ക് നിർബന്ധമാക്കുമെന്ന് ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ. ഇത് സംബന്ധിച്ച വിജ്ഞാപനം 2020 ജനുവരി 15ന് പുറത്തിറക്കുമെന്നും ഒരു വർഷത്തിന് ശേഷം നിബന്ധന നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.
ഇത് പ്രകാരം രാജ്യത്തെ എല്ലാ ആഭരണവ്യാപരികളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ(ബി ഐ എസ്) രജിസ്റ്റർ ചെയ്യണം. ഇത് ലംഘിക്കുകയാണെങ്കിൽ 2018ലെ ബി ഐ എസ് ചട്ടപ്രകാരം കുറഞ്ഞത് ഒരു ലക്ഷം രൂപ മുതൽ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്നതാണ്.
2000 മുതൽ നടപ്പിലാക്കുന്ന ബി ഐ എസ് ഹോൾമാർക്ക് പദ്ധതിപ്രകാരം 40% ആഭരണങ്ങൾ മാത്രമാണ് നിലവിൽ ഹോൾമാർക്ക് ചെയ്തവയായിട്ടുള്ളത്. നിലവിലെ സ്റ്റോക്ക് വിറ്റുതീർക്കാൻ വ്യാപരികൾക്ക് ഒരു വർഷം സമയം അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം വ്യാപരികൾ 14 കാരറ്റ്,18 കാരറ്റ്,22 കാരറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലുള്ള ആഭരണങ്ങളുടെയും വില പ്രദർശിപ്പിക്കേണ്ടിവരും.
രാജ്യത്ത് 234 ജില്ലകളിലായി 877 ഹോൾമാർക്ക് കേന്ദ്രങ്ങളാണുള്ളത് മൊത്തം 26019 ജുവലറികൾക്കാണ് രജിസ്ട്രേഷനുള്ളത്.