മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍; കണ്ടെത്തിയത് ബീഹാറിലെ ആറുജില്ലകളില്‍
ബീഹാറിലെ ആറ് ജില്ലകളില്‍ നടത്തിയ പഠനത്തില്‍ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. 2021 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ നടത്തിയ പഠനത്തില്‍ ബീഹാറിലെ ഭോജ്പൂര്‍, സമസ്തിപൂര്‍, ബെഗുസാരായ്, ഖഗരിയ, കതിഹാര്‍, നളന്ദ ജില്ലകളിലെ 17-35 വയസ്സ് പ്രായമുള
ബീഹാറിലെ ആറ് ജില്ലകളില്‍ നടത്തിയ പഠനത്തില്‍ മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. 2021 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ നടത്തിയ പഠനത്തില്‍ ബീഹാറിലെ ഭോജ്പൂര്‍, സമസ്തിപൂര്‍, ബെഗുസാരായ്, ഖഗരിയ, കതിഹാര്‍, നളന്ദ ജില്ലകളിലെ 17-35 വയസ്സ് പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളില്‍ യുറേനിയം കണ്ടെത്തി. എല്ലാ സാമ്പിളുകളിലും യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠന സംഘത്തില്‍ ഉള്‍പ്പെട്ട ഡല്‍ഹി എയിംസിലെ ഡോ. അശോക് ശര്‍മ്മ പറഞ്ഞു.അന്താരാഷ്ട്ര ജേണലായ നേച്ചറിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും യുറേനിയം ശരീരത്തില്‍ പ്രവേശിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാറിലെ മഹാവീര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. അരുണ്‍ കുമാറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
എന്നിരുന്നാലും മുലപ്പാലില്‍ യുറേനിയത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. അനുവദനീയമായതിനേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ യുറേനിയം കണ്ടെത്തിയിട്ടുള്ളൂവെന്ന് പഠനം പറയുന്നു. എല്ലാ സാമ്പിളുകളിലും 0 മുതല്‍ 5.25 ഗ്രാം/ലിറ്റര്‍ വരെ സാന്ദ്രതയിലാണ് യുറേനിയം കണ്ടെത്തിയത്. മുലപ്പാലിന്റെ പോഷകമൂല്യം കണക്കിലെടുക്കുമ്പോള്‍ ഇത് അപകടകരമല്ല. മുലപ്പാലില്‍ എത്ര യുറേനിയം അനുവദനീയമാണെന്ന് കൃത്യമായ കണക്കില്ല. കുടിവെള്ളത്തില്‍ ലിറ്ററിന് 30 മൈക്രോഗ്രാം വരെ യുറേനിയം അനുവദനീയമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മുലപ്പാലില്‍ കുറഞ്ഞ അളവില്‍ യുറേനിയം ശിശുക്കള്‍ക്ക് ദോഷം ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. യുറേനിയം അമിതമായി ശരീരത്തില്‍ എത്തുന്നത് ശിശുക്കളിലെ വൃക്കകളുടെയും നാഡീവ്യവസ്ഥയുടെയും വികാസത്തെ തടസ്സപ്പെടുത്തും. ബീഹാറിലെ പഠനത്തിലെ കണ്ടെത്തലുകള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ഡോ. ദിനേശ് കെ. അസ്വാള്‍ പറഞ്ഞു.
ബീഹാറിന്റെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഭൂഗര്‍ഭജലത്തെ അമിതമായി ആശ്രയിക്കുന്നത്, സംസ്‌കരിക്കാത്ത വ്യാവസായിക മാലിന്യങ്ങള്‍ പുറന്തള്ളുന്നത്, രാസവളങ്ങളുടെയും കീടനാശിനികളുടെയും ദീര്‍ഘകാല ഉപയോഗം എന്നിവ ഇതിനകം തന്നെ ജൈവ സാമ്പിളുകളില്‍ ആര്‍സെനിക്, ലെഡ്, മെര്‍ക്കുറി എന്നിവയുടെ സാന്നിധ്യത്തിലേക്ക് നയിച്ചിട്ടുണ്ട്. മുലപ്പാലിലെ യുറേനിയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് മലിനീകരണം ഏറ്റവും ദുര്‍ബലരായ ശിശുക്കളില്‍ എത്തിയിട്ടുണ്ടെന്നാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.