ടെന്നിസ് താരത്തെ സ്വന്തം അച്ഛന്‍ വെടിവെച്ച് കൊന്നവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 25കാരിയായ ടെന്നീസ് താരം രാധിക യാദവിനെ അച്ഛന്‍ ദീപക് യാദവ്(52) ആണ് ഗുരുഗ്രാമിലെ സെക്ടര്‍ 57ലെ വീട്ടില്‍വെച്ച് വെടുവെച്ച് കൊന്നത്. അച്ഛനും മകളും തമ്മില്‍ ടെന്നീസ് അക്കാദമി പൂട്ടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാവിലെ 10:30 ഓടെയായിരുന്നു സംഭവം. അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്ന രാധികയെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ദീപക് മൂന്ന് തവണ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രാധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
രാധികയുടെ അമ്മാവനായ കുല്‍ദീപ് യാദവിന്റെ പരാതിയിലാണ് അച്ഛന്‍ ദീപക് യാദവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാധികയുടെ വീടിന്റെ താഴത്തെ നിലയിലായിരുന്ന കുല്‍ദീപും മകനും വെടിയൊച്ച കേട്ടയുടനെ മുകളിലെത്തിയെങ്കിലും രക്തത്തില്‍ കുളിച്ച രാധികയെയാണ് കണ്ടത്. പോലീസിനോട് ദീപക് പറഞ്ഞ മൊഴിയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മകളുടെ വരുമാനത്തിന് കീഴില്‍ ജീവിക്കുന്നുവെന്ന പേരില്‍ ദീപക്കിനെ നാട്ടുകാര്‍ പരിഹസിച്ചിരുന്നു. ഇത് ആത്മാഭിമാനത്തെ തകര്‍ത്തെന്നും ടെന്നീസ് അക്കാദമി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും മകള്‍ അതിന് സമ്മതിക്കാത്തത് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നുവെന്നും ദീപക് പോലീസിനോട് സമ്മതിച്ചു.കുടുംബത്തിനുള്ളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് രാധികയുടെ അമ്മയായ മഞ്ജു യാദവ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്‌കോട്ടിഷ് ഹൈസ്‌കൂള്‍ മുതല്‍ ഇന്ത്യയുടെ അക്കാദമിക തലങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമാണ് രാധിക. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കരിയര്‍ ഉപേക്ഷിച്ച് കുട്ടികളെ ടെന്നീസ് പരിശീലിപ്പിക്കുന്ന അക്കാദമി രാധിക ആരംഭിച്ചിരുന്നു.