ബിഹാര്‍ നിയമസഭാ തിരെഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി. ഇന്ത്യ സഖ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിനാവില്ലെന്നും നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറി അഖിലേഷ് യാദവിന് നേതൃപദവി നല്‍കണമെന്നും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ലഖ്‌നൗ സെന്‍ട്രല്‍ എംഎല്‍എയുമായ രവിദാസ് മെഹ്‌റോത്ര ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് പരാജയമാണെന്നും ടിഎംസി നേതാവായ മമതാ ബാനര്‍ജിക്ക് നേതൃത്വചുമതല നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടത്. നേതൃസ്ഥാനത്തിനായി സഖ്യത്തിനുള്ളില്‍ തന്നെ അവകാശവാദങ്ങള്‍ ഉയര്‍ന്നതോടെ വരും ദിവസങ്ങളില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ബിഹാറില്‍ ഇന്ത്യ സഖ്യം നിലവിലുണ്ടായിട്ടും പല സീറ്റുകളിലും സഖ്യകക്ഷികള്‍ തന്നെ ഏറ്റുമുട്ടുകയും ഇത് വലിയ തോതില്‍ വോട്ട് വിഘടനം ഉണ്ടാക്കുകയും ചെയ്തിരുന്നു. വിജയസാധ്യതയില്ലാത്ത സീറ്റുകളില്‍ പോലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് 5 സീറ്റുകളില്‍ മാത്രമാണ് ബീഹാറില്‍ വിജയിക്കാനായത്.