ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടായത്. സമീപ ദിവസങ്ങളിലായി ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നായി സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത് ഇന്ത്യയെ ലക്ഷ്യമാക്കി ഭീകരര്‍ വലിയ ആക്രമണങ്ങള്‍ നടത്താനിരുന്നു എന്നതിന്റെ സൂചനകളാണ് നല്‍കുന്നത്.
കഴിഞ്ഞ നാല് ദിവസങ്ങളിലായി വനിതാ ഡോക്ടറടക്കം നാല് പേരെയാണ് സ്‌ഫോടകവസ്തുക്കളുമായി പിടിയിലായത്. രാജ്യതലസ്ഥാനത്തെ ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയെന്ന് കരുതുന്ന 2 ഡോക്ടര്‍മാരാണ് യുപിയിലെ സഹറന്‍പൂരില്‍ നിന്നും ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുമായി പിടിയിലായത്. കശ്മീര്‍ അനന്ത നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം എ കെ 47 തോക്കും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് സഹറാന്‍പൂരില്‍ ജോലി ചെയ്യുന്ന ഡോ. ആദില്‍ അഹമ്മദിലേക്കെത്തിച്ചത്.
ഉയാളില്‍ നിന്നും ഫരീദാബാദിലെ ഡോ മുസ്മില്‍ ഷക്കീലിനെ പറ്റിയും വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് 360 കിലോ ഗ്രാം അമോണിയം നൈട്രേറ്റും ആയുധങ്ങളുമാണ് ജമ്മു കശ്മീര്‍- ഹരിയാന പോലീസുകാര്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഐഎസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 3 പേര്‍ പിടിയിലായിരുന്നു. അതില്‍ പ്രധാനിയും ഒരു ഡോക്ടറായിരുന്നു. ഒരു വര്‍ഷമായി 3 പേരും നിരീക്ഷണത്തിലായിരുന്നുവെന്ന് എടിഎസ് പറഞ്ഞു.
ഫരീദാബാഫില്‍ നിന്നും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടര്‍ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.