ദുര്‍മന്ത്രവാദിനിയുടെ കൊടും ക്രൂരത; പത്ത് വയസുകാരന് ദാരുണാന്ത്യം; അറസ്റ്റ്
ബംഗാളിലെ നകഷിപര ഗ്രാമത്തില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം .
ബംഗാളിലെ നകഷിപര ഗ്രാമത്തില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനായ പത്തു വയസുകാരന് ദാരുണാന്ത്യം . ജന്‍ നബി ഷെയ്ക് എന്ന ബാലനാണു മരിച്ചത്. നബിയുടെ സഹോദരന്‍ ആറു വയസുകാരന്‍ ജഹാംഗിര്‍ ഷെയ്കും ദുര്‍മന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നബിയുടെ മാതാവ് അര്‍ഫിന ബീബിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ദുര്‍മന്ത്രവാദം നടത്തിയ അല്‍പന ബീബി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 22-ന് അര്‍ഫിന ബീബിയും ഭര്‍ത്താവ് ഹലാദര്‍ ഷെയ്കും ചേര്‍ന്നാണു കുട്ടികളെ ചികിത്സക്കായി ദുര്‍മന്ത്രവാദിനിയായ അല്‍പന ബീബീയുടെ അടുക്കലെത്തിച്ചത്. ഇതിനുശേഷം മാതാപിതാക്കള്‍ മടങ്ങി. മൂന്നു ദിവസത്തിനുശേഷം അര്‍ഫിന ബീബി കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കുട്ടിയുടെ പുറത്തു തിളച്ച എണ്ണ, നെയ്യ്, മുളകുപൊടി എന്നിവ പ്രയോഗിച്ചതിന്റെ പാടുകള്‍ കണ്ടെത്തി.
ഇതേതുടര്‍ന്നു മാതാവ് കുട്ടികളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ വിട്ടുനല്‍കാന്‍ 10,500 രൂപ വേണമെന്നു അല്‍പന ബീബി ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നു പണം സംഘടിപ്പിക്കുന്നതിനായി മാതാവ് വീട്ടിലേക്കു പോയി. തിരിച്ചെത്തിയപ്പോള്‍ അല്‍പന ബീബി കുട്ടികളെ മാതാവിനു തിരികെ നല്‍കി. കുട്ടി മരിച്ച വിവരം പുറത്തുപറയാതിരിക്കാന്‍ ഇവര്‍ 4000 രൂപ വാഗ്ദാനം ചെയ്‌തെന്നും മാതാവ് ആരോപിച്ചു. ഉടന്‍തന്നെ കുട്ടികളെ മാതാവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നബി മരിച്ചിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അല്‍പന ബീബിയെ അറസ്റ്റ് ചെയ്തത്.