രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍ പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തിലും മിക്‌സ്ഡ് വിഭാഗത്തിലും മനു ഭാക്കര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. 2024ലെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല മെഡലിലേക്ക് നയിച്ചത് നായകനായ ഹര്‍മന്‍ പ്രീത് സിങ്ങായിരുന്നു. 2020 ടോക്യോ ഒളിമ്പിക്‌സിലും വെങ്കലം നേടിയ ടീമിലും ഹര്‍മന്‍ പ്രീത് അംഗമായിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024ലെ പാരീസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. 2020ലെ ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്.