ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. ചാമ്പ്യന്‍ഷിപ്പിലെ അവസാന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോവുമായിരുന്ന മത്സരത്തില്‍ ലിറന് പറ്റിയ പിഴവ് മുതലെടുത്താണ് ഗുകേഷിന്റെ വിജയം.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ലോക ചെസ് ചാമ്പ്യനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവാന്‍ ഗുകേഷിന് സാധിച്ചു. 22മത്തെ വയസില്‍ ഇതിഹാസതാരം ഗാരി ഗാസ്പറോവ് നേടിയ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്. 14 മത്സരങ്ങളടങ്ങിയ ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഡിങ് ലിറന്‍ വിജയിച്ചപ്പോള്‍ മൂന്നാം മത്സരത്തിലെ വിജയത്തിലൂടെ ഗുകേഷ് തിരിച്ചുവന്നു.പത്താം മത്സരം വരെ സമനില തുടര്‍ന്ന ഗുകേഷ് 11മത്തെ റൗണ്ടില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കിയെങ്കിലും അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടു. 13മത്തെ റൗണ്ട് മത്സരവും സമനിലയിലായതോടെയാണ് ചാമ്പ്യന്‍ഷിപ്പ് അവസാന റൗണ്ട് വരെയും നീണ്ടത്.