D.Gukesh: 'മത്സരം നടക്കുന്ന ഹോട്ടലില്‍ ഇരിക്കപ്പൊറുതിയില്ലാതെ ഗുകേഷിന്റെ അച്ഛന്‍'; വൈകാരികം ഈ രംഗങ്ങള്‍ (വീഡിയോ)
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള ഇക്വാറിയസ് ഹോട്ടലിലാണ് വാശിയേറിയ പോരാട്ടം നടന്നത്
D.Gukesh: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി.ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായത്. സമനിലയിലേക്ക് പോകുമെന്ന് ഉറപ്പിച്ച മത്സരത്തില്‍ എതിരാളിയുടെ പിഴവ് മുതലെടുത്ത് ചരിത്രം കുറിക്കുകയായിരുന്നു ഗുകേഷ്. ഈ ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ ഗുകേഷിന്റെ പിതാവ് രജനീകാന്തും മത്സരം നടക്കുന്ന ഹോട്ടലില്‍ ഉണ്ടായിരുന്നു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള ഇക്വാറിയസ് ഹോട്ടലിലാണ് വാശിയേറിയ പോരാട്ടം നടന്നത്. മത്സരം അവസാന റൗണ്ടിലേക്ക് എത്തിയപ്പോള്‍ ഗുകേഷിന്റെ പിതാവ് രജനീകാന്തിനു ഇരിക്കപ്പൊറുതി ഇല്ലാതെയായി. അന്തിമ വിധിയുടെ സമയത്ത് മത്സരം നടക്കുന്ന ഹാളിനു പുറത്ത് നില്‍ക്കുകയായിരുന്നു ഗുകേഷിന്റെ പിതാവ്. രജനീകാന്ത് ഹോട്ടല്‍ വരാന്തയിലൂടെ നടക്കുന്നതും ഫോണില്‍ അപ്‌ഡേറ്റ്‌സ് അറിയുന്നതും വീഡിയോയില്‍ കാണാം. മത്സരം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ഗുകേഷ് ഓടിവന്ന് അച്ഛന്‍ രജനീകാന്തിനെ കെട്ടിപ്പിടിക്കുകയായിരുന്നു.
2006 മേയ് 29 നു ജനിച്ച ഗുകേഷ് തന്റെ 18-ാം വയസ്സിലാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. 1985 ല്‍ തന്റെ 22-ാം വയസ്സില്‍ ഗാരി കാസ്പറോവ് ആണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍ എന്ന റെക്കോര്‍ഡ് കുറിച്ചത്. കാസ്പറോവിന്റെ 39 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഗുകേഷ് സിംഗപ്പൂരില്‍ മറികടന്നത്.