Renu Sudhi in Bigg Boss Malayalam Season 7: ട്രോളുകളില്‍ കുലുങ്ങാതെ രേണു സുധി; ബിഗ് ബോസില്‍ എത്തിയത് ചുമ്മാതല്ല !
വാഹനാപകടത്തില്‍ മരിച്ച സിനിമ, സീരിയല്‍ താരം കൊല്ലം സുധിയുടെ ഭാര്യയാണ് രേണു
Renu Sudhi - Bigg Boss Malayalam
Renu Sudhi in Bigg Boss Malayalam Season 7: ഒടുവില്‍ രേണു സുധിയുടെ ആഗ്രഹം സാധ്യമായി. മലയാളത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് മലയാളം' ഏഴാം പതിപ്പില്‍ രേണു മത്സരാര്‍ഥിയായി എത്തിയിരിക്കുന്നു.
വാഹനാപകടത്തില്‍ മരിച്ച സിനിമ, സീരിയല്‍ താരം കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷമാണ് രേണു സമൂഹമാധ്യമങ്ങളില്‍ സജീവമായത്. തന്റെ സ്വപ്‌നമായ അഭിനയത്തിലേക്ക് എത്താന്‍ ആദ്യപടിയായി രേണു മോഡലിങ്ങില്‍ കാലെടുത്തുവച്ചു. ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ അടക്കം രേണുവിന്റെതായി പുറത്തുവന്നു.
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം രേണുവിനെ തേടി സദാചാരവാദികളുടെ ആക്രമണവുമെത്തി. രേണുവിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും പരിഹാസങ്ങള്‍ക്കെതിരായ മറുപടികളും സദാചാരവാദികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. രേണുവിനെതിരെ ഒട്ടേറെ ബോഡി ഷെയ്മിങ് പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ അതിനെതിരെയെല്ലാം വളരെ ബോള്‍ഡായി പ്രതികരിക്കാന്‍ രേണുവിനു സാധിച്ചു. ഈ ബോള്‍ഡ്‌നെസ് ആണ് ഇപ്പോള്‍ രേണുവിനെ ബിഗ് ബോസില്‍ എത്തിച്ചിരിക്കുന്നത്.
ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ രേണു പറഞ്ഞിരുന്നു. ' ബിഗ് ബോസിന്റെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എന്റെ പേരും കണ്ടു. പക്ഷെ എന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ല. വിളിച്ചാല്‍ പോകാന്‍ താല്‍പര്യമുണ്ട്. മിക്കവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കും. ബിഗ് ബോസ് എന്ന് പറയുന്നത് വലിയൊരു പ്ലാറ്റ് ഫോമാണ്. അതുകൊണ്ട് തന്നെ അവിടെ എത്താന്‍ പലര്‍ക്കും താല്‍പര്യം കാണും. അത്തരം ഒരു താല്‍പര്യം എനിക്കും ഉണ്ട്. ബിഗ് ബോസില്‍ ചെന്നാല്‍ എന്താവും എന്നൊന്നും ആലോചിച്ചിട്ടില്ല. ആദ്യം അവര്‍ വിളിക്കണമല്ലോ. അങ്ങനെ ഒരു വിളി ഇതുവരെ വന്നിട്ടില്ല. മത്സരത്തിന് ഇടയില്‍ ആരെങ്കിലും ചവിട്ടി താഴ്ത്താനൊക്കെ നോക്കിയാല്‍ പേടിച്ച് പോകുന്ന ഒരു വ്യക്തിയൊന്നും അല്ല ഞാന്‍. ഏത് പ്ലാറ്റ് ഫോമായാലും നമ്മള്‍ ആരോണോ, അതിന് അനുസരിച്ച് സത്യസന്ധമായി നില്‍ക്കും. നേരെ വാ നേരേ പോ എന്നതാണ് എന്റെ നയം,' രേണു പറഞ്ഞു.