ഇന്നത്തെ കാലത്ത് എല്ലാവരും ഇരുനില വീട് പണിയാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ഉയർന്നു വരുന്ന ഭൂമിയുടെ വിലയും സ്ഥലപരിമിതിയും, പുതിയ ട്രെന്റുമെല്ലാം ഇതിന് കാരണങ്ങളായി പറയാം. ഇത്തരത്തിൽ ഇരുനിലവീടുകൾ പണിയുമ്പോൾ വാസ്തു പരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇരുനിഒല വീടുകൾ പണിയുമ്പോഴും ആദ്യം ശ്രദ്ധിക്കേണ്ടത് കന്നിമൂല തന്നെ. മുകൾ നിലയിൽ നിർമ്മാണം ആരംഭിക്കേണ്ടത് കന്നിമൂലയായ തെക്ക് പടിഞ്ഞാറ് മൂലയിൽ നിന്നായിരിക്കണം. മാത്രമല്ല ഈ ഭാഗം ഒഴിച്ചിടാനോ ഗോവണികൾ പണിയാനോ പാടില്ല.
മുകളിലത്തെ നിലയിൽ താഴത്തെ നിലയെ അപേക്ഷിച്ച് കുറച്ച് ജനാലകളും വാതിലുകളും മാത്രമേ പാടുള്ളു. താഴത്തെ നിലയുടെ തുല്യ എണ്ണം ജനാലകളും വാതിൽകളും മുകൾ നിലയിൽ പാടില്ലാ. താഴത്തെ നിലയെ അപേക്ഷിച്ച് മുകൾ നിലയിൽ വായു സഞ്ചാരം കൂടുതലായിരിക്കും എന്നതിനാലാണ് ഈ നിർദേശം.
അതുപോലെ തന്നെ താഴത്തെ നിലയേക്കാൾ വിസ്തീർണം കുറച്ച് വേണം മുകൾ നില പണിയാൻ. വടക്കുകിഴക്കേ മൂലയാണ് ഗോവണികൾ പണിയാൻ ഉത്തമം. ഘടികാര ക്രമത്തിലായിരിക്കണം ഗോവണിയുടെ നിർമ്മാണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോണിപ്പടികളുടെ എണ്ണം ഒറ്റസംഖ്യയാവാൻ പാടില്ലാ എന്നും വാസ്തു ശാസ്ത്രം പറയുന്നു.