Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാവരും പോയിട്ടും മൂന്ന് പേർ ആ വീട്ടിൽ അവശേഷിച്ചു, 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ' - വൈറലാകുന്ന കുറിപ്പ്

മൂടും, മുലയും, യോനിയും, മുള്ളുമുരിക്ക് - കഴപ്പ്, അടിപ്പ്, വെടിവയ്പ്പ്, ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ച് പേടിപ്പിക്കാന്‍ നോക്കിയും...

എല്ലാവരും പോയിട്ടും മൂന്ന് പേർ ആ വീട്ടിൽ അവശേഷിച്ചു, 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ' - വൈറലാകുന്ന കുറിപ്പ്
, വ്യാഴം, 18 ജനുവരി 2018 (12:13 IST)
പൊരിച്ച മീനിനെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ വനജ വാസുദേവിന്റെ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നോട് അധ്യാപകൻ ചോ‌ദിച്ച ചോ‌ദ്യവും അതിനുള്ള ഉത്തരവും പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ സ്ത്രീകളെ എങ്ങനെയെല്ലാം മാറ്റി നിർത്തുന്നുവെന്ന് വനജ വ്യക്തമായി പറയുന്നു.
 
വനജയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇപ്പോഴും ഓർമയുണ്ട് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാർ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാൻ പറഞ്ഞത്. പേപ്പറിന് മുകളിൽ അവരവരുടെ പേരുകൾ എഴുതണം. സർ പത്തു ചോദ്യങ്ങൾ ചോദിക്കും. നമ്മളുടെ ഉത്തരങ്ങൾ അതിൽ എഴുതണം. ചോദ്യങ്ങൾ പാഠ്യേതര വിഷയങ്ങൾ ആയതിനാൽ എഴുതുന്ന നമ്മളും അത് പിന്നീട് വായിക്കുന്ന സാറിനും മാത്രമേ എന്താണ് എഴുതിയതെന്ന് അറിയൂ. അന്ന് ചോദിച്ച എട്ടാമത്തെ ചോദ്യം ഇന്നും എൻ്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്.
 
"നിങ്ങൾക്ക് ഏറ്റവും കൂടുതൽ ദേഷ്യം വരുന്ന കാര്യം എന്താണ് ?"
 
ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്. എന്നെ അത്രയും നാൾ(പിന്നീട് ഇങ്ങോട്ടും) അലട്ടിയിരുന്ന ഉത്തരം എഴുതി.പിറ്റേന്ന് ഡ്രിൽ പീരിയഡിൽ വിഷ്ണു സർ എന്നെ മുകളിലെ അഞ്ചാം ക്‌ളാസിൽ കൊണ്ടുപോയി. ഞാനും സാറും തനിച്ചായ സമയത്തു എൻ്റെ പേപ്പർ സർ കയ്യിൽ തന്നു. എട്ടാമത്തെ ചോദ്യത്തിന് മറ്റാരും ഇതുപോലെ ഉത്തരം നൽകിയില്ല എന്ന സാറിന്റെ വിസ്മയത്തെ അടിവരയിട്ടൊരു ചോപ്പ് നിറം നീണ്ടു കിടന്നിരുന്നു. അതിന് മുകളിലെ എൻ്റെ ഉത്തരം ഇതായിരുന്നു.
 
"അച്ഛനില്ലാത്ത കുട്ടി എന്ന സഹതാപം കേൾക്കുമ്പോൾ".
 
മുഖം കുനിഞ്ഞിരുന്ന എൻ്റെ നേരെ മുന്നിൽ വന്നിരുന്നു സർ എന്തെങ്കിലും ചോദിക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞു. "എന്നെ എൻ്റെ 'അമ്മ നല്ലപോലെ നോക്കുന്നുണ്ട് സർ. പിന്നെന്തിനാണ് ആളുകൾ ഇങ്ങനെ സങ്കടം പറയുന്നത്.അച്ഛൻ മരിച്ചത് എൻ്റെ തെറ്റാണോ?" . അന്ന് എന്തൊക്കയോ പറഞ്ഞു സർ ആശ്വസിപ്പിച്ചു. പക്ഷെ അതൊന്നും എൻ്റെ മനസിനെ അടക്കാൻ പ്രാപ്തി ഉള്ളതായിരുന്നില്ല. പിന്നീട് എല്ലായിടത്തും നിന്നും, ആൾക്കൂട്ടങ്ങളിൽ നിന്നും ഇതേ കാരണം ഭയന്ന് ഞാൻ ഒറ്റപ്പെട്ട് നടന്നു. പക്ഷെ അന്ന് മുതൽ ഒരു അധ്യാപകനും അപ്പുറം ഒരു സ്നേഹം വിഷ്ണു സാറിനും ഉണ്ടായി.
 
ചേച്ചിയുടെ കല്യാണം ആയ സമയം. മണ്ഡപത്തിൽ പെണ്ണിനെ കൈപിടിച്ച് കൊടുക്കാൻ ആര് വേണം എന്നൊരു ചോദ്യം വന്നു. അച്ഛന് പകരം ആരെ നിർത്തും. മുറ വച്ച് നോക്കുമ്പോൾ അച്ഛന്റെ വകയിലെ അനിയൻ സരസൻ ചിറ്റപ്പനും, അടുപ്പം വച്ച് അമ്മയുടെ ആങ്ങള സുഗുണൻ മാമനും ഊഴം വന്നു. ചർച്ച മുറുകിയപ്പോൾ ആരും അത്രയും നാൾ വളർത്തി വലുതാക്കിയ അമ്മയുടെ പേര് പറഞ്ഞില്ല. 26 വർഷം കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വളർത്തിയ അമ്മയ്ക്കല്ലേ അതിനു ഏറ്റവും യോഗ്യത എന്ന് ചേച്ചി ഒരുദിവസം എന്നോട് ഒന്നിച്ചു കിടന്നപ്പോൾ ചോദിച്ചിരുന്നു. ശെരിയാണ്, പക്ഷേ നമ്മളല്ലല്ലോ തീരുമാനിക്കുന്നത് എന്ന് ഉത്തരം നൽകി ഞാന്‍ തിരിഞ്ഞു കിടന്നു. തൊട്ടടുത്ത ആഴ്ച കല്യാണ മണ്ഡപത്തിൽ മാമന് പിറകെ ടെൻഷൻ അടിച്ചു നിൽക്കുന്ന അമ്മയെ കാണാമായിരുന്നു. മാമൻ കൈ പിടിച്ചു കൊടുക്കുമ്പോൾ ഞാൻ നോക്കിയതത്രയും അമ്മയുടെ മുഖത്തേക്കാണ്. കയ്യിലെ പേഴ്‌സ് ചേർത്ത് പിടിച്ചു നിൽക്കുന്ന 'അമ്മ. അത്രയും നാൾ വളർത്തി, കല്യാണം വരെ ഉള്ള കാര്യങ്ങൾ നോക്കിയ അമ്മയേക്കാൾ കൈ പിടിച്ചു കൊടുക്കാൻ അച്ഛന് പകരം ആരെ കൊണ്ടുവന്ന് നിർത്തിയാലും മതിയാകില്ലായിരുന്നല്ലോ എന്നൊരു ചിന്ത പിന്നീടിങ്ങോട്ഠ് കുറേ കാലം എൻ്റെ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നിലേക്ക് മാറ്റപെട്ട് നിർത്തിയ അമ്മയുടെ രൂപവും.
 
തൊട്ടടുത്ത വർഷം ചേച്ചിയെ പ്രസവത്തിന് കൂട്ടികൊണ്ടു വരാൻ പോകുന്ന ദിവസം. എല്ലാവരും പോയിട്ടും മൂന്ന് പേർ ആ വീട്ടിൽ അവശേഷിച്ചു. 'അമ്മ, അമ്മാമ്മ, കുഞ്ഞമ്മ. മൂന്നുപേരും വിധവകൾ ആയതിനാൽ കൂട്ടിക്കൊണ്ടു വരാൻ പോകാൻ പാടില്ലാത്രേ. അമ്മയുടെ സ്ഥാനത് അന്ന് പോയത് മാമി ആയിരുന്നു. പോയവർ വരുന്നിടം വരെ വാതിൽ പടിയിൽ പത്രം നിവർത്തിയിരുന്നു വായിക്കുന്ന അമ്മ ഇന്നും ഉണ്ട് ഉള്ളിൽ. നേരം അത്രയും കടന്നു പോയിട്ടും പത്രത്തിന്റെ താളുകൾ ഒന്നും മറിയാതിരിന്നപ്പോഴേ തോന്നി അമ്മ ഇവിടെയും അമ്മയുടെ മനസ്സ് ചേച്ചിയുടെ അടുത്തുമാണെന്ന്. ഇടയ്ക്കിടയ്ക്ക് എവിടെ എത്തിക്കാണും എന്ന ആത്മഗതവും, ഏതേലും വണ്ടിയുടെ ശബ്ദം കേട്ടാൽ പെട്ടെന്ന് തല എത്തിച്ചു റോഡിലേക്ക് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലും ഏറെ എന്നെ വേദനിപ്പിച്ചത്, പപ്പാ മരിച്ചതിൽ പിന്നെ 'വിധവ' ആയതിനാൽ ഇതുപോലെ ഉള്ള ഒറ്റ ചടങ്ങുകളും അമ്മ കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ എന്നാണ്. സ്വന്തം മകളുടെ സന്തോഷത്തിൽ മാറ്റി നിർത്തപ്പെടേണ്ട, പകരം ആളെ നിർത്തേണ്ടിവരുന്ന അവസ്ഥ. എത്രമാത്രം സങ്കടം ഉണ്ടാവും. പക്ഷെ അമ്മ അതൊന്നും പുറത്തു കാണിച്ചില്ല, ഞങ്ങൾ ചോദിച്ചിട്ടും ഇല്ല.
 
പെണ്ണ് കാണാൻ വന്നവന്റെയും, അയാളുടെ അച്ഛന്റെയും, കൂട്ട് വന്ന ബ്രോക്കറുടെയും മുന്നിൽ ശിലപോലെ ഞാൻ നിന്നത് 20 മിനിറ്റു ആണ്. ഇടയ്ക്കുള്ള നോട്ടം അല്ലാണ്ട് ഒരക്ഷരം ആരും മിണ്ടുന്നില്ല. എന്ത് ചെയ്യണം എന്ന് എനിക്കും ഒരു രൂപം ഇല്ല. അവസാനം രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു "പേരെന്താണ് ?". ചായയേക്കാൾ അവരെ എൻ്റെ ചോദ്യം പൊള്ളിച്ചു. പിറ്റേന്ന് ഞാൻ എറണാകുളത്തേക്ക് തിരിച്ചു വരാൻ നേരം ബ്രോക്കർ എത്തി. ജോലി ഉള്ളതിന്റെ അഹങ്കാരം ആണത്രേ ഞാൻ ആദ്യം കയറി മിണ്ടിയത്. അതിനാൽ അറിയാം അവൾ അഹങ്കാരി ആണ്. ഇങ്ങനത്തെ പെണ്ണുങ്ങളെ ഞങ്ങൾക്ക് വേണ്ട." അറത്ത് മുറിച്ചിട്ട പോലെയുള്ള എനിക്ക് 'പിറക്കാതെ പോയ ഭാവി അമ്മായിഅമ്മയുടെ' സ്വഭാവ സര്‍ട്ടിഫിക്കറ്റ് രണ്ട് കയ്യും നീട്ടി വാങ്ങി. വേട്ടാവളിയനെ പോലെ 20 മിനിറ്റു നേരം ഒന്നും മിണ്ടാതെ മനുഷ്യനെ നിർത്തിയതും പോരാ, ഒരു പേര് ചോദിച്ചപ്പോൾ എനിക്ക് ഇത്രയും പേരുദോഷം ചാർത്തി തന്ന അവനെ എനിക്ക് ഇന്നലെ വേണ്ട എന്ന് പറഞ്ഞു ഞാൻ ബാഗ് എടുത്തു ഇറങ്ങി. ബസ്സിലിരുന്ന സമയത്ത് ചില നേരങ്ങളില്‍ പുറംകാഴ്ചകള്‍ കണ്ണുനീരുമായി അലിഞ്ഞിറങ്ങി ഒന്നിച്ച് പുറത്തേക്കൊഴുകി. ഇന്നും എനിക്കറിയില്ല ഞാൻ ചെയ്ത കുറ്റം എന്ത്? ആണുങ്ങൾ മിണ്ടിയതിന് ശേഷമേ പെണ്ണുങ്ങൾ മിണ്ടാവൂ എന്ന അലിഖിത നിയമം തെറ്റിച്ചതോ? അതോ ജോലിയുള്ളത് കൊണ്ട് എനിക്ക് നിലപാടുകൾ ഉണ്ടാവരുതെന്ന അവരുടെ ബോധമോ?
 
ഈ മൂന്ന് ചിത്രങ്ങൾ എൻ്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നവ ആണ്. . അവൾ ഭർത്താവില്ലാത്തവൾ എന്ന് പറയുമ്പോഴും അമ്മയുടെ പരിമിതിയിൽ നിന്ന് കൊണ്ട് അമ്മ നല്ലപോലെ ഞങ്ങളെ നോക്കിയിട്ടുണ്ട്. ഇന്നും എൻ്റെ കുടുംബത്തിന്റെ പല കാര്യങ്ങളും സ്വയം ഏറ്റെടുത്തു നടത്താനും, പല കാര്യങ്ങൾ വേണ്ട പോലെ തീരുമാനം എടുത്തു ചെയ്യാനും എനിക്ക് കഴിയുന്നുണ്ട്. പക്ഷെ അതിൻ്റെ പൂർണത സമൂഹത്തിന് ബോധ്യപ്പെടണമെങ്കിൽ അവിടെ എനിക്ക് പകരം ആണുങ്ങളെ നിർത്തണം. അതാണ് കീഴ് വഴക്കം. അവ സമൂഹം അംഗീകരിക്കണം എങ്കിൽ ചെയ്തത് ഞാനെങ്കിലും എൻ്റെ അനിയനോ ചേട്ടനോ പറയണം. അവർക്ക് പിറകിൽ നിശബ്ദയായി നിൽക്കാനേ പലപ്പോഴും എനിക്ക് കഴിയൂ...എന്തിന് പെണ്ണെന്ന ഒറ്റ കാരണം കൊണ്ട് വലിയൊരു ഡെസിംഗ്നേഷനില്‍ ഇരുന്നിട്ടും ശബ്ദ്ദം ഉറച്ചൊന്ന് പറഞ്ഞാല്‍ മുറിയുന്ന 'ആണ്‍- ഈഗോയ്ക്ക് മുന്നില്‍ നിസ്സഹായയായി, കരുതലോടെ നില്‍ക്കേണ്ടി വരുന്നു. എന്തിലും ഒരുപാടൊരുപാട് ചോദ്യങ്ങളെ നേരിടേണ്ടി വരുന്നു. ആരൊക്കെയോ എന്തൊക്കെയോ വായിച്ച് എന്നെ അവസാനിപ്പിക്കുന്നു.
 
എനിക്കറിയില്ല ഇത് എൻ്റെ മാത്രമാണോ അതോ, ഓരോ പെണ്ണിന്റെയും അവസ്ഥ ഇങ്ങനെ ആണെന്നോ? അങ്ങനെ എങ്കില്‍ എല്ലാത്തിന്റെയും നോവ് ഒന്നാണ്. ''എന്തുകൊണ്ടാണ് ഞാൻ'' എന്ന ചോദ്യവും ഒന്നാണ്. 
നിങ്ങള്‍ക്കറിയാമോ തിരസ്കരിക്കപ്പെടുന്നിടത്ത് നിന്നാണ് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട് . ആത്മാഭിമാനം മുറിപ്പെടുന്നിടത്ത് നിന്നും ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. പൊരുതി നിന്ന് ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രം ജീവിക്കേണ്ടി വരുന്നിടത്ത് നിന്ന് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്. സങ്കങ്ങളെല്ലാം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കേണ്ടി വരുമ്പോള്‍, ഒറ്റയ്ക്ക് മിണ്ടി വയ്യാണ്ടാകുമ്പോള്‍ ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നുണ്ട്.
 
നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്കിടയില്‍, കൈയ്യെത്തും ദൂരത്ത്, വീടിനകത്ത് ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. മൂടും, മുലയും, യോനിയും, മുള്ളുമുരിക്ക് - കഴപ്പ്, അടിപ്പ്, വെടിവയ്പ്പ്, ഇവയൊക്കെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ച് പേടിപ്പിക്കാന്‍ നോക്കിയും, കട്ടികണ്ണടയും ബുജിലുക്കും,മൂക്കൂത്തിയും,ഉയര്‍ത്തി കെട്ടിയ തലമുടിയും ലക്ഷണങ്ങള്‍ വച്ച് "ഫെമിനിച്ചി" എന്ന് മറ്റുള്ളവരെ പുച്ഛിച്ചു തള്ളുമ്പോൾ ആ വിളി കേൾക്കുന്ന ഇവര്‍ മനസ്സ് കൊണ്ട് ചിരിക്കുന്ന ഒരു ചിരിയുണ്ട് . നിങ്ങൾ കൊടുക്കുന്നതിന് ഇരട്ടി പുച്ഛം തിരികെ തരുന്ന ബൂമറാങ് ചിരികൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിത്യേന വേവിച്ച രണ്ട് സ്പൂണ്‍ ചെറുപയര്‍ ഒരു മാസം; ഗുണങ്ങള്‍ ചില്ലറയല്ല !