സോഷ്യൽ മീഡിയയിലൂടെ മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടി കീർത്തി സുരേഷ് രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ പലതവണ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഇത് വളരെ അപകടം പിടിച്ച പ്രവണതയാണെന്നും കീർത്തി സുരേഷ് പറയുന്നു.
സെലിബ്രിറ്റികൾക്കും സാധാരണക്കാർക്കും ഒരുപോലെ വളർന്നുവരുന്ന ഒരു പ്രശ്നമായി ഇത് മാറിയിരിക്കുന്നുവെന്നും കീർത്തി പറഞ്ഞു. ചെന്നൈയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ വച്ചാണ് കീർത്തി തന്റെ അനുഭവം തുറന്നുപറഞ്ഞത്. എഐ ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അത് ശരിക്കും അലോസരപ്പെടുത്തുന്നുവെന്നും നടി വ്യക്തമാക്കി.
'ഇപ്പോൾ എഐ ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അത് ഒരു അനുഗ്രഹവുമാണ് എന്നാൽ ശാപവുമാണ്. മനുഷ്യർ സാങ്കേതികവിദ്യ കണ്ടുപിടിച്ചു, പക്ഷേ നമുക്ക് അതിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ടുള്ള എന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ കണ്ടിട്ട് ഞാൻ തന്നെ സ്തംഭിച്ചു പോയി. എപ്പോഴെങ്കിലും ആ വസ്ത്രം ഞാൻ ധരിച്ചിട്ടുണ്ടോ എന്ന് എനിക്ക് തന്നെ സംശയമായി.
അടുത്തിടെ ഞാനൊരു സിനിമയുടെ പൂജയ്ക്ക് പോയി. ഞാൻ ധരിച്ച വസ്ത്രം മോശമായ രീതിയിൽ, മറ്റൊരു ആംഗിളിൽ നിന്ന് മാറ്റം വരുത്തിയതായി ഞാൻ കണ്ടു. ഒരു നിമിഷത്തേക്ക് ഞാൻ അമ്പരന്നുപോയി. പിന്നെ ആലോചിച്ചപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ഞാനങ്ങനെ പോസ് ചെയ്തിട്ടില്ലല്ലോ എന്ന്. ഇത് തീർച്ചയായും അലോസരപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്.
മാത്രമല്ല, ഈ പ്രശ്നം സിനിമാ ഇൻഡസ്ട്രിയിൽ മാത്രം ഒതുങ്ങുന്നതല്ല. സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാം', കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.