അല്ലു അർജുന്റെ സഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ അല്ലു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് തന്റെ വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. 'ഒടുവിൽ എന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹനിശ്ചയം സന്തോഷപൂർവം കഴിഞ്ഞു, നയനിക'- എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് അല്ലു സിരിഷ് കുറിച്ചിരിക്കുന്നത്.
ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും മോതിരം കൈമാറി. വെള്ള എത്തിനിക് വെയറിൽ അല്ലു സിരിഷിനെയും ചുവപ്പു ലെഹങ്കയിൽ നയനികയും ചിത്രങ്ങളിൽ കാണാം. തെലുഗു ആചാര പ്രകാരം വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അല്ലു അർജ്ജുനും ചിരഞ്ജീവിയും റാം ചരണും വരുൺ തേജയും കുടുംബത്തോടൊപ്പം പങ്കെടുത്തു.
ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക. നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരിഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. 2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അല്ലു സിരിഷ് ചുവടു വച്ചു.