Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ
തനിക്ക് ഏറെ ഇഷ്ടമുള്ള ആക്ടര്‍ ആണ് ധ്യാന്‍ എന്ന് അനൂപ് പറയുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. സഹതാരങ്ങളെയും സുഹൃത്തുക്കളെയും ട്രോളുന്നതിൽ ധ്യാന് മടിയുണ്ടാകാറില്ല. എന്നാല്‍ ഇപ്പോഴിതാ അതേ ധ്യാനിനെ മുന്നിലിരുത്തി ട്രോളുകയാണ് നടന്‍ അനൂപ് മേനോന്‍. പുതിയ ചിത്രമായ രവീന്ദ്രാ നീ എവിടെയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള അനൂപ് മേനോന്റെ പ്രസംഗത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
തനിക്ക് ഏറെ ഇഷ്ടമുള്ള ആക്ടര്‍ ആണ് ധ്യാന്‍ എന്ന് അനൂപ് പറയുന്നുണ്ട്. നടന്‍ എന്നതിലുപരിയായി ഒരിടത്തേക്ക് വരുമ്പോള്‍ അവിടെയുണ്ടാക്കുന്നൊരു എനര്‍ജിയുണ്ട്. അതുണ്ടാക്കുക എളുപ്പമല്ല. അതാണ് സ്റ്റാര്‍ഡം. ധ്യാനിന്റെ സ്റ്റാര്‍ഡം ഓഫ് സ്‌ക്രീനിലാണ് നമ്മള്‍ കൂടുതലും കണ്ടിട്ടുള്ളത്. അത് ഓണ്‍ സ്‌ക്രീനിലും എത്തിക്കുമെന്നുറപ്പാണെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ധ്യാന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ചിത്രമാണ് 916. അനൂപ് മേനോന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എം. മോഹനൻ ആയിരുന്നു സംവിധാനം. ആ സമയത്തുള്ള ധ്യാനിന്റെ രീതികളെക്കുറിച്ചാണ് അനൂപ് മേനോന്‍ സംസാരിക്കുന്നത്. ധ്യാന്‍ ഇന്നത്തേത് പോലൊരു താരമാകുമെന്ന് അന്നേ ഉറപ്പായിരുന്നുവെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.
''സിനിമയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്ന വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍. എല്ലാവരും എടുത്തിട്ട് ഉടുക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരാളാണ് ഇവന്‍. ധ്യാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന സെറ്റില്‍ ഒരാള്‍ വന്നാല്‍ അയാള്‍ ആഗ്രഹിക്കുക നടനാകണം എന്നല്ല അസിസ്റ്റന്റ് ഡയറക്ടര്‍ ആകണം എന്നാകും. ഇവന്‍ അന്ന് അവിടെ അര്‍മാദിച്ചത് പോലെ ആരും അര്‍മാദിച്ചു കാണില്ല.
ഞാന്‍ വന്നു കഴിഞ്ഞേ ഇവന്‍ വരൂ. വേങ്ങേരിയോ മറ്റോ ആണ് ഷൂട്ട്. ഇവന്‍ തൊണ്ടയാട് ബൈപ്പാസില്‍ കാര്‍ ഇടും. എന്നിട്ട് വിളിച്ച് ചോദിക്കും, 'മറ്റവന്‍ വന്നോ? ഏത്? ആ അനൂപ് മേനോന്‍'. അവന്‍ വന്നെന്നു പറഞ്ഞാല്‍ ഓടി വരും. സെറ്റില്‍ വന്നാല്‍ ചേട്ടാ എന്നൊക്കെ പറഞ്ഞ് ഓടി വരും. നമുക്കറിയാം കാര്യം. ഇവന്റെ വിളിയൊക്കെ നമ്മളും കേള്‍ക്കുന്നുണ്ട്.
ഉച്ചവരെ പണിയെടുത്തു എന്ന് വരുത്താന്‍ കാണിക്കുന്ന ചില വേലത്തരമുണ്ട്. അന്നേ നമുക്ക് മനസിലായി ഇത് ഇവിടെയൊന്നും നില്‍ക്കുന്ന സാധനമല്ലെന്ന്. ഇവന്‍ വളര്‍ന്നു പന്തലിച്ച് ഹോട്ട് കേക്ക് എന്ന അവസ്ഥയിലേക്ക് എത്തുമെന്ന് നമുക്ക് അന്നേ അറിയാം. കാരണം ഇവന് ഇതല്ലാതെ വേറെ ഒന്നും ആകാന്‍ കഴിയില്ല. അടുത്തതായി എനിക്ക് പണി തരുമെന്ന് ഉറപ്പാണ്.'' അനൂപ് മേനോന്‍ പറയുന്നു.