L365 പ്രതിസന്ധിയില്‍, ഓസ്റ്റിന്‍ ഡാന്‍ പിന്മാറിയെന്ന് പ്രചരണം; സംവിധാനം ഏറ്റെടുത്തിട്ടില്ലെന്ന് ബിനു പപ്പു
നടന്‍ കൂടിയായ ബിനു പപ്പുവാണ് ഈ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍
മോഹന്‍ലാല്‍ ചിത്രം 'L365' പ്രതിസന്ധിയിലാണെന്നും സംവിധായകന്‍ പിന്മാറിയെന്നും പ്രചരണം. നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആയിരിക്കും 'L365' സംവിധാനം ചെയ്യുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓസ്റ്റിന്‍ ഡാന്‍ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതായി ചില സിനിമ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നുണ്ട്.
നടന്‍ കൂടിയായ ബിനു പപ്പുവാണ് ഈ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഓസ്റ്റിന്‍ ഡാന്‍ പിന്മാറിയെന്നും ബിനു പപ്പുവായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നുമാണ് സിനിമ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്. എന്നാല്‍ 'L365' സംവിധാനം താന്‍ ഏറ്റെടുത്തിട്ടില്ലെന്നും ആരും തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും ബിനു പപ്പു വെബ് ദുനിയ മലയാളത്തോടു പറഞ്ഞു.
' ഇങ്ങനെയൊരു പ്രചരണം ഞാനും കേട്ടു. എന്നാല്‍ ഇതേ കുറിച്ച് അറിയില്ല. ഈ പ്രൊജക്ടിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ആണ് ഞാന്‍. അതല്ലാതെ മറ്റൊരു ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടില്ല,' ബിനു പപ്പു വ്യക്തമാക്കി.
രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ലാല്‍ പൊലീസ് വേഷത്തിലാണ് എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. മോഹന്‍ലാലിന്റെ സിനിമ കരിയറിലെ 365-ാം ചിത്രമാണിത്.
ജയസൂര്യയെ നായകനാക്കി ഓസ്റ്റിന്‍ ഡാന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നതായി 2023 ല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് തന്നെയായിരുന്നു നിര്‍മാണം. ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ 'അഞ്ചാം പാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ഓസ്റ്റിന്‍ ഡാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയും, തല്ലുമാല എന്നീ ചിത്രങ്ങളില്‍ ഓസ്റ്റിന്‍ ഡാന്‍ നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു.