സിനിമയിലേക്ക് വരാൻ പേടിയായിരുന്നുവെന്ന് നടൻ ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ലെഗസിയോട് നീതി പുലർത്താൻ സാധിക്കുമോ എന്നതായിരുന്നു തന്നെ അലട്ടിയിരുന്ന ആശങ്കയെന്നും ദുൽഖർ സൽമാൻ പറയുന്നു. പുതിയ സിനിമ കാന്തയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ദുൽഖർ മനസ് തുറന്നത്.
'തുടക്കത്തിൽ അഭിനയത്തിലേക്ക് കടന്നുവരാൻ ആശങ്കയുണ്ടായിരുന്നു. പ്രതീക്ഷകൾക്ക് ഒത്ത് ഉയരാൻ സാധിക്കുമോ എന്നതായിരുന്നു ആശങ്കയെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. സിനിമ തനിക്ക് ഒരു ഓപ്ഷനായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മലയാള സിനിമയിൽ രണ്ടാം തലമുറ സിനിമാ താരങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ഓർക്കുന്നത്.
ശ്രമിച്ചു നോക്കിയ ചിലരുണ്ട്. പക്ഷെ അവരൊന്നും വിജയിച്ചില്ല. അതിനാൽ എനിക്ക് സാധിക്കുന്ന ഒന്നാണെന്ന് തോന്നിയില്ല. അതിനാൽ ഞാൻ മറ്റെല്ലാം ശ്രമിച്ചു നോക്കി. ഒരു ഘട്ടത്തിൽ സിനിമാ പശ്ചാത്തലമില്ലാതെ തന്നെ സിനിമാ സ്വപ്‌നങ്ങളുമായി നടക്കുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടി. അപ്പോഴാണ് ഞാൻ പേടിച്ചോടുകയാണെന്നും ഓടിയോളിക്കുകയായിരുന്നുവെന്നും ഞാൻ തിരിച്ചറിഞ്ഞു. വാപ്പിച്ചിയുടെ ലെഗസിയോട് നീതിപുലർത്താൻ സാധിക്കില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷെ, ഡർ കി ആഗെ ജീത്ത് ഹേ എന്നാണല്ലോ പറയുക.
അദ്ദേഹം ഇടയ്ക്ക്, എനിക്ക് നിന്റെ പ്രായമായിരുന്നപ്പോൾ, 42 വയസുള്ളപ്പോൾ, രണ്ട് നാഷണൽ അവാർഡ് ഉണ്ടായിരുന്നു എന്നു പറയും. അതിനോട് എങ്ങനെയാണ് മത്സരിക്കാനാവുക. ഞങ്ങൾ സ്‌കൂളിൽ പഠിക്കുമ്പോൾ അദ്ദേഹം അവാർഡ് ഷോയ്ക്ക് പോകുമ്പോൾ പറയും, നോക്ക് ഞാൻ എന്റെ ജോലിയിൽ ബെസ്റ്റ് ആണ്. നിങ്ങളുടെ ക്ലാസിൽ നിങ്ങളാണോ ബെസ്റ്റ്? ഞാനും സഹോദരിയും അത് കേട്ട് നിൽക്കും. അദ്ദേഹം അതൊക്കെയാണ് ചെയ്യാറുള്ളത്', ദുൽഖർ പറയുന്നു.