പത്തിലും പ്ലസ് 2വിലും പഠിക്കുന്ന കൗമാരക്കാര്‍ പ്രതികളാകുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് സാധാരണമായിരിക്കുകയാണ്. ലഹരി ഉപയോഗത്തിന് പുറമെ കലാലയങ്ങളിലും സ്‌കൂളുകളിലും റാഗിങ്ങും പരസ്പരമുള്ള ഏറ്റുമുട്ടലുകളും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളുടെ ഇടപെടലും ഗെയിമുകളും സിനിമകളും ലഹരിയുമെല്ലാമാണ് ഇതിന് പിന്നിലുള്ള സ്വാധീനഘടകങ്ങളാണെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
കൗമാരക്കാരുടെ ഇടയില്‍ കുറ്റകൃത്യങ്ങള്‍ ഉയര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ 2 കെ കിഡ്‌സും 90കള്‍ മുതലുള്ള പക്വത വന്ന തലമുറകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. മുഴുവന്‍ കുറ്റവും 2കെ കിഡ്‌സിലേക്ക് ചാര്‍ത്തുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് 2 കെ കിഡ്‌സ്(പുതിയ തലമുറ) പറയുന്നു. 2കെ പിള്ളേര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെങ്കില്‍ അവരെ വളര്‍ത്തുന്ന തലമുറയുടെ കഴിവ് കേടും അതിലുണ്ടെന്നാണ് 2കെ ജനറേഷന് അനുകൂലമായി ആളുകള്‍ പറയുന്നത്. എന്നാല്‍ പഴയ രീതിയിലുള്ള പാരന്റിങ്ങിനെയും അധ്യാപക- വിദ്യാര്‍ഥി ബന്ധത്തെയും തന്ത വൈബെന്ന് കളിയാക്കിയെന്നും എന്നാല്‍ തന്ത വൈബായിരുന്നു ശരിയെന്ന് കാലം തെളിയിച്ചെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബാലതാരം ദേവനന്ദ, തന്തവൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുന്‍പ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. ഒരു വര്‍ഷം മുന്‍പ് ഈ അഭിമുഖം കൊടുത്തപ്പോള്‍ ഒരുപാട് പേര്‍ തന്തവൈബെന്ന് കളിയാക്കിയെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ച് നാളുകളായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കേല്‍ക്കുമ്പോള്‍ തന്തവൈബിലേക്ക് രക്ഷിതാക്കള്‍ മാറേണ്ട സമയമായെന്നാണ് മനസിലാക്കേണ്ടതെന്നും ദേവനന്ദ പറയുന്നു.