Lokah OTT Release Date: കാത്തിരിപ്പ് അവസാനിക്കുന്നു; ലോക ഒ.ടി.ടി റിലീസ് തീയതി പുറത്ത്
ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബർ 31 ന് തിയേറ്ററിൽ എത്തും.
മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന റെക്കോർഡുകളെല്ലാം തിരുത്തി മുന്നേറിയ സിനിമയാണ് ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമ ഒക്ടോബർ 31 ന് തിയേറ്ററിൽ എത്തും.
ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.