Karikku Movie: ഒടുവിൽ അത് സംഭവിക്കുന്നു; സിനിമ പ്രഖ്യാപിച്ച് 'കരിക്ക്' ടീം
ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുകയാണ് .
മലയാളത്തിലെ ഏറെ ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ടീം ആണ് കരിക്ക്. കരിക്കിന്റെ വീഡിയോകൾക്കെല്ലാം വലിയ ആരാധകക്കൂട്ടം തന്നെയുണ്ട്. ഇവർ സിനിമ ചെയ്യുന്നതായി വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരിക്കുകയാണ് .
കരിക്ക്" ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക്.
നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകർക്ക് വലിയ ആഹ്ലാദം പകർന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും.
2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. "കരിക്ക്" ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്.