Parvathy Thiruvothu: പൃഥ്വിരാജ് ചിത്രം, ഹൃഥ്വിക് റോഷൻ ചിത്രം; അടുത്തത് ഡോൺ പാലത്തറയുടെ സിനിമ, പാർവതി തിരുവോത്ത് തിരക്കിലാണ്
നിരൂപക പ്രശംസകൾ ലഭിക്കുന്ന സിനിമകളായിരുന്നു പിന്നീട് പാർവതിക്ക് ലഭിച്ചത്.
കൈ നിറയെ സിനിമകളുള്ള സമയമായിരുന്നു പാർവതി തിരുവോത്തിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായത്. പിന്നീട് നടിയുടേതായി വലിയ കാൻവാസിൽ സിനിമകൾ റിലീസ് ആയില്ല. നിരൂപക പ്രശംസകൾ ലഭിക്കുന്ന സിനിമകളായിരുന്നു പിന്നീട് പാർവതിക്ക് ലഭിച്ചത്. എന്നാൽ, ഇപ്പോൾ കരിയറിൽ പുതിയൊരു പോയിന്റിലാണ് പാർവതിയുള്ളത്.
പൃഥ്വിരാജ് നായകനാകുന്ന, ഐ നോബഡി എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ആണ് നായിക. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇതിനിടെ ഹൃഥ്വിക് റോഷൻ ആദ്യമായി നിർമിക്കുന്ന സീരീസിലും പാർവതിയാണ് നായിക. ഇപ്പോഴിതാ, മറ്റൊരു ചിത്രം കൂടി പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.
ഡോൺ പാലത്തറയുടെ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും. ഡോൺ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാർവതിയും ദിലീഷുമെത്തുന്നത്. ജോമോൻ ജേക്കബ് ആണ് സിനിമയുടെ നിർമാണം. നവംബർ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
അലക്‌സ് ജോസഫാണ് സിനിമയുടെ ഛായാഗ്രഹണം. ഡോണിന്റെ 1956 മധ്യതിരുവിതാംകൂർ എന്ന സിനിമയുടെ ഛായാഗ്രഹണവും അലക്‌സ് ആയിരുന്നു. 2023 ൽ പുറത്തിറങ്ങിയ ഫാമിലിയ്ക്ക് ശേഷം ഡോൺ പാലത്തറ ഒരുക്കുന്ന ചിത്രമാണിത്. പാർവതിയ്ക്ക് ദിലീഷ് പോത്തനുമൊപ്പം രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.